ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ കടമകള്‍ വ്യക്തമാണെന്നും അസി.കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റിലായവർ ആരൊക്കെ
ആദ്യ അറസ്റ്റ് ഉണ്ണികൃഷ്ണൻ പോറ്റിയുടേതായിരുന്നു. ഒക്ടോബർ 17നായിരുന്നു പോറ്റിയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയിൽ രണ്ടാമത്തെ അറസ്റ്റ് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റേതായിരുന്നു. ഒക്ടോബർ 23, വ്യാഴാഴ്ചയാണ് മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലുംബുധനാഴ്ച തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. നവംബർ ഒന്നിനാണ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നവംബർ 6 ന് മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിനേയും അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
നവംബർ 11നാണ് കേസിലെ മൂന്നാം പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, ദേവസ്വം മുൻ കമ്മീഷണറുമായ എന്‍. വാസുവിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നവംബർ 20ന് കേസിലെ ഏറ്റവും പ്രധാനപ്പെട്ട അറസ്റ്റ് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി.17 ഡിസംബറിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത്.
ഡിസംബർ 19 ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും അറസ്റ്റിലായി. ഡിസംബർ 19 ന് തന്നെ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തുടർന്ന് ഡിസംബർ 29 ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനുവരി 9ന് , ഇന്നലെ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റും ഉണ്ടായി.



