Asianet News MalayalamAsianet News Malayalam

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയെന്ന് ഇപി, സമരം അസാധ്യമായ ആവശ്യത്തിനെന്ന് വിജയരാഘവൻ

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. 

vijayaraghavan and EP jayarajan responding to psc protest
Author
Thiruvananthapuram, First Published Feb 17, 2021, 2:49 PM IST

തിരുവനന്തപുരം: കാലാവധി തികയ്ക്കുന്ന പിണറായി സർക്കാരിന് വെല്ലുവിളിയായി മാറിയ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാരും സിപിഎമ്മും. ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം നാൾക്കു നാൾ ശക്തിപ്പെടുമ്പോഴും സമരക്കാരോട് വിട്ടുവീഴ്ചയില്ലെന്ന തരത്തിലാണ് വ്യവസായന്ത്രി മന്ത്രി ഇ.പി.ജയരാജനും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും പ്രതികരിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. എന്നാൽ ഇതേ വരെ അത്തരമൊരു ചർച്ചയ്ക്ക് സമരക്കാർ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ അവരെ പ്രേരിപ്പിക്കുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു.  

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിലും ഇപി ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളതെന്നും എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എന്നാൽ സലീം കുമാർ അടക്കമുള്ള കലാകാരൻമാരോട് സിപിഎമ്മിന് എന്നും ബഹുമാനമാണെന്നും ഇപി പ്രതികരിച്ചു. 

അസാധ്യമായ ആവശ്യവുമായാണ് തിരുവനന്തപുരത്ത് പി എസ് സി സമരം നടക്കുന്നതെന്നും ബിജെപിയും കോൺഗ്രസും പന്തൽ കെട്ടി സമരം നടത്തുന്നത് ഉദ്യോഗാർത്ഥികളോടുള്ള താല്പര്യം കൊണ്ടല്ലെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. സർക്കാർ ചർച്ച നടത്തി പി.എസ്.സി സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നത് അസാധ്യമാണ്. ശരിയായ രീതിയിലുള്ള ആവശ്യത്തിനല്ല സമരം ചെയ്യുന്നതെങ്കിൽ സമരം വിജയകരമായി അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന കാര്യം സമരക്കാർ ആലോചിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. നിലവിലെ സമരക്കാരുടെ ആവശ്യങ്ങൾ ഒന്നും പരിഹരിക്കാൻ സാധിക്കുന്നതാണെന്ന് കരുതുന്നില്ലെന്നും ചട്ടവിരുദ്ധമായ  കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാരിനാവില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.  

സംസ്ഥാനത്ത് നേമം മോഡൽ സഹകരണം വിപുലീകരിക്കാനുള്ള പദ്ധതിയാണ് യുഡിഎഫ് ആസൂത്രണം ചെയ്യുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് - ബിജെപി കൂട്ടുകെട്ട് നിലനിൽക്കുന്നുണ്ട്. ഇരു വിഭാഗവും പരസ്പരം സഹായിക്കുന്ന നിലപാടാണ് ഇപ്പോൾ എടുക്കുന്നത്.  രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ ഒരു വാക്കുപോലും ബിജെപിക്കെതിരെ സംസാരിക്കാത്തത് ഇതിനു തെളിവാണെന്നും കേന്ദ്രസർക്കാറിനെ നോവിക്കാതെ സംസാരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. രണ്ടുതവണ മത്സരിച്ചവർ തുടർന്ന് മത്സരിക്കേണ്ടതില്ലെന്നാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം തീരുമാനമെന്നും വിജയരാഘവൻ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios