Asianet News MalayalamAsianet News Malayalam

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി: എൽഡിഎഫിൻ്റെ വികസന മുന്നേറ്റയാത്രയ്ക്ക് തുടക്കം

ആർഎസ്എസ്സിനെ ചെറുക്കാൻ എന്ന് പറഞ്ഞ് എസ്ഡിപിഐ ശക്തിപ്പെടുന്നത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷം സ്വയം സംഘടിച്ചല്ല ഭൂരിപക്ഷവർഗീയതയെ ചെറുക്കേണ്ടത്. വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുകയാണ് വേണ്ടത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിനുള്ളത്

Vikasana munetta yathra begins in kasargod
Author
Kasaragod, First Published Feb 13, 2021, 5:16 PM IST


കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ചു കൊണ്ട് ഇടതുജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് വച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. 

പോയ അഞ്ച് വര്‍ഷത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേന്ദ്രഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും എന്നാൽ എല്ലാ അഗ്നിപരീക്ഷകളേയും ഇടതുജനാധിപത്യ മുന്നണിയും സര്‍ക്കാരും അതീജിവിച്ചുവെന്നും പിണറായി പറഞ്ഞു. അതേസമയം മാണി സി കാപ്പൻ എൽഡിഎഫ് വിട്ടതിനെക്കുറിച്ച് പിണറായി പ്രസംഗത്തിൽ മൗനം പാലിച്ചത് ശ്രദ്ധേയമായി.

പിണറായിയുടെ വാക്കുകൾ - 

2016 യുഡിഎഫ് സർക്കാരിൻ്റെ അവസാന കാലത്ത് ജനം പറഞ്ഞത് ഈ നാശം ഒഴിഞ്ഞ് കിട്ടിയാൽ മതിയെന്നായിരുന്നു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന തോന്നൽ ഇല്ലാതാക്കാനാണ് കഴിഞ്ഞ അഞ്ച് വർഷവും ശ്രമിച്ചത്. എൽഡിഎഫ്  ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. വലിയ ദുരന്തങ്ങളെ ഒരുമയോടെ നേരിടാനായി. അസാധ്യമായ കാര്യങ്ങൾ എൽഡിഎഫ് സർക്കാർ നടത്തി കാണിച്ചു. 

അടിവേര് ഇളകുന്നു എന്ന് പ്രതിപക്ഷം മനസിലാക്കി അതുകൊണ്ടാണ്. യുഡിഎഫിനെ പോലെ കെട്ടവരാണ് എൽഡിഎഫ് എന്ന് വരുത്തി തീർക്കാനാണ് അവർ ശ്രമിച്ചത്. ഈ സർക്കാരിനെ താഴെയിറക്കുമെന്ന് ശപഥം ചെയ്ത മാധ്യമശക്തികൾ അതിനായി രം​ഗത്തു വന്നു. എന്നാൽ എല്ലാത്തിനേയും പ്രതിരോധിക്കാൻ ജനങ്ങളുടെ കോട്ട ഇവിടെ രൂപപ്പെട്ടു. കേന്ദ്ര ഏജൻസികളുമായി ചേര്‍ന്ന് മാധ്യമങ്ങൾ ഗൂഢാലോചന നടത്തി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താൻ ഇവര്‍ ശ്രമിച്ചു. കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലിൽ എൽഡിഎഫിനെ തകര്‍ക്കാനാവില്ല. 

വികസന മുന്നേറ്റം കാസർകോട് നിന്നാണ് തുടങ്ങുന്നത്. വികസനം നടപ്പാവുന്നത് കാസർകോട്ടെ ജനങ്ങൾക്ക് അനുഭവിച്ചറിയാനാവും. ഗെയിൽ പദ്ധതി ഉപേക്ഷിച്ചതാണ്. നടക്കില്ലെന്ന് കണക്കാക്കിയ പദ്ധതിയായിരുന്നു. അതാണ് 
ഇപ്പോൾ യാഥാർത്ഥ്യമായത്. ​ഗെയിൽ പദ്ധതിയിലൂടെ അടുക്കളയിലേക്ക് പൈപ്പ് വഴി ഗ്യാസെത്തും. പാചക വാതകത്തിൻ്റെ വിലയും കുറയും.

ഇൻറർനെറ്റ് അവകാശമാണെന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ് എത്തിക്കുന്ന കെ. ഫോൺ പദ്ധതി ഉടനെ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. മലയോര ഹൈവേയുടെ നിർമ്മാണവും അതിവേഗം മുന്നോട്ട് പോകുന്നു.

കൊവിഡ് മഹാമാരി വന്നപ്പോൾ സർക്കാർ ശ്രദ്ധിച്ചത് റേഷൻ വിതരണം കൃത്യമായി നടത്താനാണ്. കൊവിഡ് വന്നപ്പോൾ ആരും കേരളത്തിൽ പട്ടിണി കിടക്കാൻ പാടില്ല എന്നായിരുന്നു സർക്കാർ നിലപാട്. ഈ ഘട്ടത്തിലൊക്കെ ജാതിയോ മതമോ നോക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന് ഒപ്പം നിന്നു. ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷത്തി അൻപത്തി ഒന്നായിരത്തിലേറെ വീടുകൾ പൂർത്തിയായി. ലൈഫ് പദ്ധതിയെ വിമർശിക്കുന്നവരെ ജനം പുച്ഛത്തോടെ മാത്രമേ കാണൂ. 25 ലക്ഷം ആളുകൾക്കാണ് സര്‍ക്കാര്‍ അധികമായി പെൻഷൻ നൽകിയത്. 

യുഡിഎഫ് ഭരിക്കുന്ന കാലത്ത് വിദ്യാഭ്യാസവകുപ്പിൻ്റെ അവസ്ഥ എന്തായിരുന്നു ? യുഡിഎഫ് ഭരിക്കുമ്പോൾ പരീക്ഷ കാലത്ത് പോലും കുട്ടികൾക്ക് പാഠപുസ്തകം കിട്ടിയിരുന്നോ. യുഡിഎഫ് കാലത്ത് പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയായിരുന്നു. ഈ സർക്കാരിൻ്റെ കാലത്ത് പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതലായി കുട്ടികളെത്തി. 1.17 ലക്ഷം ലാപ്പ്ടോപ്പുകളാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിയത്. 

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മുടെ സര്‍വ്വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരാനുള്ള പ്രയത്നം തുടരുകയാണ്. അതിനായി അധ്യാപനവും അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടണം. 

കൊവിഡിൽ ലോകം വിറങ്ങലിച്ച് നിന്നിട്ടും കേരളം പതറാതെ നേരിട്ടു. നമ്മുടെ ആരോഗ്യരംഗത്തെ മികവാണ് ഇതിന് കാരണം. പി എസ് സി നിയമനങ്ങൾ യുഡിഎഫ് കാലത്തിനേക്കാൾ കൂടുതൽ നടത്തിയിട്ടുണ്ട്. സ്റ്റാർട്ട് അപ്പുകൾ യുഡിഎഫ് കാലത്തെ 300 ൽ നിന്ന് 3900 ആയി ഉയര്‍ന്നു.

കൊവിഡ് വാക്സിനേഷൻ കഴിഞ്ഞാൽ ഉടനെ സിഎഎ നടപ്പാക്കുമെന്ന് ബിജെപി പറയുന്നു. കേരളത്തിൽ സിഎഎ നടപ്പാക്കില്ല.നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ്. ആ നിലപാടിൽ നിന്ന് സർക്കാർ ഒരു ഘട്ടത്തിലും പിന്നോട്ട് പോകില്ല.

ആർഎസ്എസ്സിനെ ചെറുക്കാൻ എന്ന് പറഞ്ഞ് എസ്ഡിപിഐ ശക്തിപ്പെടുന്നത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷം സ്വയം സംഘടിച്ചല്ല ഭൂരിപക്ഷവർഗീയതയെ ചെറുക്കേണ്ടത്. വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുകയാണ് വേണ്ടത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിനുള്ളത്. അയോധ്യക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകിയ ഒരു കോണ്‍ഗ്രസ് എംഎൽഎ ഇവിടെയുണ്ട്. 

Follow Us:
Download App:
  • android
  • ios