20,000 രൂപ ഒരുമിച്ച് നല്‍കാനില്ലെന്ന് അറിയിച്ചപ്പോള്‍ ആദ്യം 10,000 രൂപ നല്‍കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് 40,000 രൂപ ഇവരുടെ അക്കൗണ്ടില്‍ ലഭിച്ചത്.
മലപ്പുറം: കൈക്കുലി വാങ്ങുന്നതിനിടെ മലപ്പുറത്ത് വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി
മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്ച വിജിലൻസിന്റെ പിടിയിലായത്.
മലപ്പുറം ജില്ലയിലെ വഴിക്കടവ് സ്വദേശിനിക്ക് ഗ്രാമപഞ്ചായത്ത് വാങ്ങിനൽകിയ വസ്തുവിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിക്കുന്നതിനുള്ള ആദ്യ ഗഢു തുകയായ 40,000 രൂപ കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിരുന്നു. ഇതറിഞ്ഞ വി.ഇ.ഒ അടുത്ത ഗഢു തുകകൾ അനുവദിക്കണമെങ്കിൽ ഇരുപതിനായിരം രൂപ കൈക്കൂലി നൽകണമെന്ന് പരാതിക്കാരിയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇരുപതിനായിരം രൂപ കൈക്കൂലി നൽകാനില്ലായെന്ന് അറിയിച്ചപ്പോൾ കൈക്കൂലി തുകയിൽ ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്നും, ആദ്യ ഗഢുവായി 10,000 രൂപ ഇന്ന് ഓഫീസിൽ കൊണ്ടുവന്ന് നൽകാനുമായിരുന്നു ആവശ്യം.
പരാതിക്കാരി ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷഫീക്കിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12:50ഓടെ വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ വെച്ച് പരാതിക്കരിയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ നിജാഷിനെ കൈയ്യോടെ പിടികൂടുകയായിരുന്നുവെന്നും പ്രതിയെ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചു.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെകൂടാതെ ഇൻസ്‍പെക്ടർ ജ്യോതേന്ദ്രകുമാർ, സബ് ഇൻസ്‍പെക്ടർമാരായ ശ്രീനിവാസൻ, മോഹനകൃഷ്ണൻ, സജി, എ.എസ്.ഐമാരായ സലിം, ഷിഹാബ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, സന്തോഷ്, ജിറ്റ്സ്, ഷൈജു മോൻ, സുനിൽ, വിജയ കുമാർ, രത്നകുമാരി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുബിൻ, ശ്യാമ എന്നിവർ ഉണ്ടായിരുന്നു.
