പട്ടയത്തിനായി വില്ലേജ് ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് ശരിയാക്കി നല്‍കാനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്  കൈക്കൂലി ആവശ്യപ്പെട്ടത്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ കൈയ്യോടെ പിടികൂടി വിജിലന്‍സ്. കൂട്ടിലങ്ങാടി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് സുബ്രമണ്യനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കുടിലങ്ങാടി വില്ലേജ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന നിഥിന്‍ തന്‍റെ അമ്മാവന്‍റെ പേരിലുള്ള സ്ഥലം ഈട് വച്ച് ബാങ്ക് ലോണ്‍ എടുക്കുന്നതിനായി പട്ടയം ശരിയാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ശരിയാക്കി നല്‍കാനാണ് സുബ്രമണ്യന്‍ 4000 രൂപ കൈക്കൂലി വാങ്ങിയത്.

അപേക്ഷ നല്‍കി നിരവധി തവണ വില്ലേജ് ഓഫീസിലെത്തിയെങ്കിലും നിഥിന് പട്ടയം ശരിയാക്കാനുള്ള റിപ്പോര്‍ട്ട് ലഭിച്ചില്ല. ഒടുവില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് സുബ്രമണ്യനെ സമീപിച്ചപ്പോഴാണ് പണം നല്‍കിയാല്‍ റിപ്പോര്‍ട്ട് ശരിയാക്കി നല്‍കാമെന്ന് അറിയിച്ചത്. 4000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം നിഥിന്‍ വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് സജീവനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ന്ന് രാവിലെ 10.30 ഓടെ സുബ്പമണ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. പൊലീസ് ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്ര കുമാര്‍, എസ്ഐമാരായ മോഹന്‍ദാസ്, ശ്രീനിവാസന്‍ എന്നിവരും എസ്ഐ മോഹകൃഷ്ണന്‍, മധുസൂധനന്‍, സലിം എന്നിവരടങ്ങിയ സംഘമാണ് സുബ്രമണ്യനെ അറസ്റ്റ് ചെയ്തത്.