ഇടുക്കി: അഞ്ചുരുളി ജലസംഭരണിയോട് ചേർന്ന കെഎസ്ഇബിയുടെ ഭൂമി കയ്യേറിയുള്ള റിസോര്‍ട്ട് നിര്‍മ്മാണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കെഎസ്ഇബി മുൻ അസിസ്റ്റന്‍റ് എഞ്ചീനിയര്‍ കീരിപ്പാട്ട് സലിംകുമാറാണ് സ്ഥലം കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ കയ്യേറ്റം ബോധ്യമായതായും ഇന്ന് തന്നെ റിപ്പോർട്ട്‌ നൽകുമെന്നും  കാഞ്ചിയാർ വില്ലേജ് ഓഫീസർ അറിയിച്ചു. കെഎസ്ഇബിയുടെ  ഭൂമി ആയതിനാല്‍ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് അവരാണെന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്. 

ഇടുക്കി ഡാം പ്രൊജക്ടിന്‍റെ ഭാഗമായ അഞ്ചുരുളി ജലസംഭരണിയുടെ തീരത്താണ് ഏക്കറുകണക്കിന് ഭൂമി കയ്യേറിയിരിക്കുന്നത്. തീരങ്ങളിൽ മണ്ണൊലിപ്പുണ്ടാകുമെന്ന കെഎസ്ഇബിയുടെ ഒറ്റ എതിർപ്പിൽ ആദിവാസികൾ ഉൾപ്പടെയുള്ള നാട്ടുകാർക്ക് കാലങ്ങളായി പട്ടയം നിഷേധിച്ച സ്ഥലമാണിവിടം. ഇവിടെയാണ് കെഎസ്ഇബിയിൽ അസിസ്റ്റന്‍റ് എഞ്ചിനീയറായിരുന്ന കീരിപ്പാട്ട് സലീംകുമാർ ഭൂമി കയ്യേറി റിസോർട്ട് പണിയുന്നത്. സ്ഥലത്തിന് പട്ടയമില്ലെന്ന് സലീം കുമാർ തന്നെ സമ്മതിക്കുന്നു. മണ്ണെടുക്കാൻ പോലും അനുമതിയില്ലാത്ത മൂന്ന് ചെയിന്‍ മേഖലയിലാണ് കുന്നിടിച്ച് റിസോർട്ട് പണിയുന്നത്. 

കെട്ടിട നമ്പർ ഉണ്ടെങ്കിൽ മാത്രമേ വൈദ്യുതി കണക്ഷൻ കിട്ടു എന്നിരിക്കെ, കാഞ്ചിയാർ പഞ്ചായത്ത് പോലും അറിയാതെ പണിത റിസോർട്ടിന് വഴിവിട്ട് കാഞ്ചിയാർ കെഎസ്ഇബി വൈദ്യുതി കൊടുത്തു. ലബ്ബക്കടയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന സലീംകുമാർ കെഎസ്ഇബിയിൽ കരാർ ജോലികൾ എടുത്തുചെയ്യുന്നുമുണ്ട്. ഈ ബന്ധം വച്ചാണ് കണക്ഷൻ തരപ്പെടുത്തിയത്.