തിരുവനന്തപുരം: മാപ്പ് പറയേണ്ട കാര്യമില്ലെന്ന് യുഎസ് പാര്‍ലമെന്‍റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാക വീശിയ മലയാളി  വിന്‍സന്‍റ് സേവ്യര്‍ പാലത്തിങ്കല്‍. ന്യൂസ് അവറിലാണ് വിന്‍സന്‍റിന്‍റെ പ്രതികരണം. പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക ഉപയോഗിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

10 ലക്ഷം പേരാണ് ട്രംപിന് അനുകൂലമായി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നും എന്നാല്‍ വെറും 50 ഓളം പേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നുമാണ് വിന്‍സന്‍റ് സേവ്യറിന്‍റെ വാദം. തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമത്തിനെതിരെയാണ് സമരം നടത്തിയതെന്നും തെരഞ്ഞെടുപ്പ് കൃത്രിമം തെളിയിക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയില്‍ ട്രംപ് അനുകൂലികളായ വിവിധ രാജ്യക്കാര്‍ അവരുടെ രാജ്യത്തിന്‍റെ പതാക കൈയിലേന്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.