എളമരം കരീമിൻ്റെ പരാതിയിൽ വിനു വി ജോണിനെതിരെ കേസെടുത്ത കാര്യം പോലും ഒരു വർഷത്തോളമായി പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.   

തിരുവനന്തപുരം: ന്യൂസ് അവര്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ എളമരം കരീം നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ പൊലീസിന് മൊഴി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് വിനു വി ജോണ്‍ മൊഴി നല്‍കാനെത്തിയത്. അസാധാരണ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പൊലീസ് നല്‍കിയത്. എളമരം കരീമിന്റെ പരാതിയില്‍ വിനു വി ജോണിനെതിരെ കേസെടുത്ത കാര്യം പോലും ഒരു വര്‍ഷത്തോളമായി പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28-ന് ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്ത ന്യൂസ് അവറിലെ പരാമര്‍ശത്തിന്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തത്. പണിമുടക്ക് നടന്ന രണ്ട് ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗത്തും സാധാരണക്കാര്‍ അക്രമിക്കപ്പെട്ടിരുന്നു. കുടുംബവുമായി ഓട്ടോയില്‍ സഞ്ചരിച്ചവരും രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവറും ജോലിക്ക് പോയ ആളുകളും സമരാനുകൂലികളാല്‍ അക്രമിക്കപ്പെട്ടു. വിഷയം വലിയ വാര്‍ത്തയാവുകയും ട്രേഡ് യൂണിയനുകള്‍ക്കെതിരെ ജനരോഷം ഉയരുകയും ചെയ്തപ്പോള്‍, 'നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു' എന്ന പരിഹാസമാണ് ട്രേഡ് യൂണിയന്‍ നേതാവായ രാജ്യസഭാ എംപി എളമരം കരീമില്‍ നിന്നുണ്ടായത്.

ഇതിനെതിരെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ് ഉണ്ടായത്. എന്നാല്‍ ഇങ്ങനെയൊരു കേസ് എടുത്ത വിവരം വിനു വി ജോണിനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്കും യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങള്‍ക്ക് ശേഷം തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ വിനു വി ജോണ്‍ അപേക്ഷ നല്‍കിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനു പിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനു വി ജോണിന് നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്ന് വിനു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. 

ഒരു മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങളുടെ വേദനയ്‌ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട കര്‍ത്തവ്യം തനിക്കുണ്ടെന്നും വിനു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ പരാമര്‍ശത്തിന്റെ പൂര്‍ണ രൂപം അടങ്ങിയ വീഡിയോ ക്ലിപ്പുകളും ഇന്ന് വിനു പൊലീസിന് കൈമാറി.അതേസമയം, പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും ഉയരുന്നത്. ബിബിസിയിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച സിപിഎം നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

അതേസമയം വിനുവിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് എത്തി. പണ്ട് ഏകാധിപതിയായ സര്‍ സിപി സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയോട് ചെയ്ത അതേ നിലപാട് ആണ് വിനുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു

വി ഡി സതീശന്റെ വാക്കുകള്‍: 

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്ക്ക് ഉണ്ടായ അതേ അനുഭവമാണ് ഇപ്പോള്‍ വിനു വി ജോണിനുണ്ടാവാന്‍ പോകുന്നത്. അതിന്റെ തനിയാവര്‍ത്തനമാണ് ഇത്. ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിനു വി ജോണിനെ വേട്ടയാടാന്‍ ശ്രമിക്കുന്നത്. വിനു വി ജോണ്‍ മാധ്യമപ്രവര്‍ത്തകനാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി കേസെടുക്കുകയാണ്. എന്നിട്ടാണ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നിട്ട് ബിബിസി റെയ്ഡിനെതിരായ പ്രസംഗിക്കുകയാണ്. ഇവിടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. ഇല്ലാത്തൊരു കേസ് ഉണ്ടാക്കി വിനു വി ജോണിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പാണ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വരേണ്ട എന്ന സന്ദേശമാണിത്... ഇതാണ് പണ്ട് സര്‍ സിപി സ്വദേശാഭിമാനിയോട് ചെയ്തത്. ആ ചരിത്രമാണ് പിണറായി ഇവിടെ ആവര്‍ത്തിക്കുന്നത്.

എല്ലാക്കാര്യത്തിലും ഇരട്ടത്താപ്പാണ് എല്‍ഡിഎഫിന്. ആര്‍എസ്എസിനെതിരായ സംസാരിക്കുകയും ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയുമാണ്. വേറെ ഏതോ സംഘടന ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെ വിമര്‍ശിക്കയാണ് എന്നിട്ട് അതില്‍ യുഡിഎഫിന് പങ്കുണ്ടെന്ന് ആരോപിക്കും. എന്നിട്ട് ഇദ്ദേഹം പോയി ആര്‍എസ്എസ് നേതാക്കളെ അപ്പുറവും ഇപ്പുറവുമായി ഇരുത്തി ചര്‍ച്ച നടത്തുകയാണ്. ആര്‍എസ്എസ് നേതാക്കളായ ഗോപാലന്‍കുട്ടിയുമായും വത്സലന്‍ തില്ലങ്കേരിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഇതുവരെ മറുപടി തന്നിട്ടില്ല.

'അവിടെ ബിബിസി റെയ്ഡിനെതിരെ പ്രസം​ഗം, ഇവിടെ വിനു വി ജോണിനെതിരെ നടപടി' | Vinu V John | VD Satheesan