Asianet News MalayalamAsianet News Malayalam

ഹര്‍ത്താല്‍ അക്രമം: ഇന്ന് മാത്രം 221 പേര്‍ പിടിയിൽ, സംസ്ഥാനത്താകെ അറസ്റ്റിലായത് 1809 പേര്‍

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.

violence during popular front hartal police arrested 1809 people
Author
First Published Sep 27, 2022, 7:00 PM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം

തിരുവനന്തപുരം റൂറല്‍  - 152
കൊല്ലം സിറ്റി - 191
കൊല്ലം റൂറല്‍ - 109
പത്തനംതിട്ട - 137
ആലപ്പുഴ - 73
കോട്ടയം - 387
ഇടുക്കി - 30
എറണാകുളം സിറ്റി - 65
എറണാകുളം റൂറല്‍ - 47
തൃശൂര്‍ സിറ്റി - 12
തൃശൂര്‍ റൂറല്‍ - 21
പാലക്കാട് - 77
മലപ്പുറം - 165  
കോഴിക്കോട് സിറ്റി - 37 
കോഴിക്കോട് റൂറല്‍ - 23
വയനാട് - 114
കണ്ണൂര്‍ സിറ്റി  - 52
കണ്ണൂര്‍ റൂറല്‍ - 12
കാസര്‍ഗോഡ് - 53

അതേസമയം, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെ പരിശോധന തുടരുകയാണ്. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധന നടത്തിയത്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പൊലീസ് അറിയിച്ചു. 

വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കേരളാ പൊലീസ് പരിശോധന നടത്തി. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. വയനാട്ടിലെ പിഎഫ്ഐ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു. 

Follow Us:
Download App:
  • android
  • ios