കെഎസ്‍യു പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെ ക്ലാസ് മുറി അടിച്ചു തകർക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ. കഴിഞ്ഞ ദിവസം വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർ ആവശ്യപ്പെട്ട പിരിവ് നൽകാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് സ്ഥാപനയുടമ.
കൊല്ലം: വിദ്യാഭ്യാസ ബന്ദിന്‍റെ പേരിൽ കൊല്ലത്ത് കെഎസ്‍യു പ്രവർത്തകരുടെ അതിക്രമം. റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കെഎസ്‍യു പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് സ്ഥാപനമുടമ. എന്നാൽ, ആക്രമണത്തിന് പിന്നിൽ കെഎസ്‍യു പ്രവർത്തകരല്ലെന്നാണ് ജില്ലാ പ്രസിഡന്‍റിന്‍റെ വിശദീകരണം.
കൊല്ലം റെയിൽവേ സ്റ്റേഷനടുത്തുള്ള സ്വകാര്യ കോച്ചിങ് സെന്‍ററിന് നേരേയാണ് ആക്രമണമുണ്ടായത്. സ്ഥാപനത്തിലെത്തിയ കെഎസ്‍യു പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെ ക്ലാസ് മുറി അടിച്ചു തകർക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറയുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർ ആവശ്യപ്പെട്ട പിരിവ് നൽകാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് സ്ഥാപനയുടമ ആരോപിച്ചു.
കണ്ടാലറിയാവുന്ന പതിനഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. അതിക്രമത്തിൽ കെഎസ്‍യു പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയൻ അറിയിച്ചു.
