തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി. നാളെയാണ് ചോദ്യം ചെയ്യൽ.

അതിനിടെ ബാലഭാസ്കറിന്‍റെ മരണത്തിൽ നാല് പേർ നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി  എന്നിവരാണ് സമ്മതം അറിയിച്ചത്. ദില്ലി, ചെന്നൈ ഫോറൻസിക് ലാബിലെ വിദഗ്ധ സംഘം നുണ പരിശോധന നടത്തും.

ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താൻ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇരുവരുടേയും നുണ പരിശോധന.