മലപ്പുറം: ലോകത്തെമ്പാടുമുള്ള ജനങ്ങൾ കൊറോണ വൈറസ് ഭീതിയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. അതേസമയം ഭീതിയല്ല, ജാ​ഗ്രതയാണ് വേണ്ടതെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യപ്രവർത്തകരും സർക്കാരും ജനങ്ങൾക്കൊപ്പം നിൽക്കുന്നു. വിദേശത്ത് നിന്ന് വരുന്നവരിൽ രോ​ഗബാധ കണ്ടെത്തിയതിനെ തുടർന്ന് കർശന പരിശോധനയ്ക്ക് ഇവരെ വിധേയമാക്കുന്നുണ്ട്. അതേ സമയം നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

ഈ സാഹചര്യത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റാരോടും ബന്ധപ്പെടാതെ, സ്വന്തം വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞ യുവാവിനെക്കുറിച്ചുള്ള സുഹൃത്തിന്റെ പോസ്റ്റ് വൈറലാകുന്നു. അബുദാബിയിൽ നിന്ന് വന്നതിന് ശേഷം ഇയാൾ സുഹൃത്തുക്കളെയോ വീട്ടുകാരെയോ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഷാഹുൽ കൂരിയാട് എന്നയാൾ ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം:

അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ മാത്രമല്ല വീട്ടുകാരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല നാട്ടിൽ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോൾ വീട്ടിൽ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടിൽ ഐസുലേഷനിൽ ആയിരുന്നു ആരുമായും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലിൽ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകൾ നടത്തി റിസൾട്ട്‌ വന്ന് പോസിറ്റീവ്.. ഉടൻ അവൻ തന്നെ നാട്ടുകാർക്ക് ഗ്രൂപ്പിൽ വോയിസും അയച്ചു ആരും പേടിക്കേണ്ട ട്ടാ ആർക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല...
എല്ലാവരും പ്രാർത്ഥിച്ചാൽ മാത്രം മതി...!
എന്തൊരു മനുഷ്യനാടോ നീ 
നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാ കേരളം തോറ്റു പോവാ....
തോൽപിച്ചു കളഞ്ഞല്ലോടാ ...