സ്ഥലംമാറ്റ നടപടി റദ്ദാക്കിയില്ലെങ്കിൽ ഓ പി ബഹിഷ്കരണം അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് കെ ജി എം ഒ എ യുടെ തീരുമാനം.

മലപ്പുറം: പോത്തുകല്ലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടർന്നു പിടിച്ച സംഭവത്തിൽ വീഴ്ച ആരോപിച്ച് എഫ് എച്ച് സി മെഡിക്കൽ ഓഫീസറെ സ്ഥലം മാറ്റിയതിനെതിരെ ഡോക്ടർമാർ സമരത്തിന് ഒരുങ്ങുന്നു. ആരോഗ്യ വകുപ്പിലെ ഒഴിവുകൾ നികത്തുന്നതിന് പകരം മെഡിക്കൽ ഓഫീസറെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് സർക്കാർ ഡോക്ടർമാർ സമരത്തിന് ഒരുങ്ങുന്നത്. സ്ഥലംമാറ്റ നടപടി റദ്ദാക്കിയില്ലെങ്കിൽ ഓ പി ബഹിഷ്കരണം അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് കെ ജി എം ഒ എ യുടെ തീരുമാനം.

പോത്തുകല്ല് പഞ്ചായത്തിൽ രണ്ടു മാസത്തിനിടെ 300 ലധികം ആളുകൾക്കാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. രോഗം പടർന്ന ആദ്യ ഘട്ടത്തിൽ പ്രതിരോധ നടപടികളിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ സമരം തുടങ്ങിയതിന് പിന്നാലെയായിരുന്നു നടപടി. ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടർമാരെയും നിയോഗിക്കാതെ അമിതഭാരം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് കെ ജി എം ഒയുടെ ആരോപണം.

മെഡിക്കൽ ഓഫീസറുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ ആണ് ജില്ലയിലെ സർക്കാർ ഡോക്ടർമാരുടെ തീരുമാനം. ആദ്യഘട്ടത്തിൽ നിസ്സഹകരണ സമരമാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിളിക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കും. അധിക ഡ്യൂട്ടികൾ ചെയ്യില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഓ പി ബഹിഷ്കരണമടക്കമുള്ള കടുത്ത സമരത്തിലേക്ക് കടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം