കൊച്ചി: ജീവനുള്ള പെരുമ്പാമ്പിനെ കൈക്കൊണ്ട് പിടിച്ച് ചാക്കിലിടുന്ന കൊച്ചിയിലെ ഒരു വീട്ടമ്മയുടെ വീഡ‍ിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. വിദ്യ രാജു എന്ന വീട്ടമ്മയാണ് 20 കിലോ ഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയത്. പ്രദേശവാസികൾക്കൊപ്പം വഴിയരികിൽനിന്ന് പാമ്പിനെ പിടിക്കുകയും പേടി കൂടാതെ അതിനെ ചാക്കിലേക്കിടുകയും ചെയ്യുന്ന വിദ്യയുടെ സാഹസികത നിറഞ്ഞ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ. 

നേവി ഉദ്യോ​ഗസ്ഥനുൾപ്പടെ നാല് പേർക്കൊപ്പമാണ് വിദ്യ പാമ്പിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടിച്ചപ്പോൾ വിദ്യ പാമ്പിന്റെ തലയിൽ പിടിക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്റെ വാൽ ആദ്യം താഴ്ത്തി. പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിൽ കയറ്റുകയും പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. 

"

ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോ​ഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. വീഡിയോ കണ്ട എല്ലാവരും വിദ്യയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്. മുതിർന്ന നേവി ഉദ്യോ​ഗസ്ഥന്റെ ഭാര്യയായ വിദ്യ ബിഹാർ സ്വദേശിയാണ്.