കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സന്ദർശകര്‍ക്ക് വിലക്ക്. കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട് ഗവണ്‍മെന്‍റ് ജനറല്‍ ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്ന് സൂപ്രണ്ട് ഉമ്മർ ഫാറൂഖ് പറഞ്ഞു.അതേസമയം കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ 68കാരി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാഹിയില്‍ നിന്ന് ആംബുലന്‍സില്‍ എത്തിയ ഇവരെ അഡ്മിറ്റ് ചെയ്തെങ്കിലും ഇവര്‍ സ്വമേധയാ മടങ്ങുകയായിരുന്നു. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മാഹി സ്വദേശി അടക്കമുള്ള 28 അംഗ സംഘം ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനമിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 68 കാരി മാഹിയിലെത്തി. വിദേശയാത്ര കഴിഞ്ഞ് എത്തിയ ഇവരുടെ ആരോഗ്യസ്ഥിതി അറിയാനായി ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇവരുടെ വീട്ടില്‍ ചെന്നു. അവശത കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ആംബുലന്‍സില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കയച്ചു.  മകന്‍റെ ഭാര്യയ്ക്കൊപ്പം ആശുപത്രിയിലെത്തിയ ഇവരോട് അഡ്മിറ്റാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സ്വന്തം തീരുമാന പ്രകാരം മാഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ തീവണ്ടിയിലാണ് മാഹിക്ക് മടങ്ങിയത്.