കൊല്ലത്തെ വിചാരണ കോടതിയില്‍ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് ഹാജരാക്കിയത്.

കൊല്ലം: വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് തെളിയിക്കുന്ന ഭര്‍ത്താവ് കിരണും സഹോദരി ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. വിസ്മയയുടെ ഭര്‍ത്താവ് കിരണും കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഇതടക്കം കിരണിന്‍റെ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.

കൊല്ലത്തെ വിചാരണ കോടതിയില്‍ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് ഹാജരാക്കിയത്.സ്ത്രീധനത്തിന്‍റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാം എന്ന് കിരണ്‍ പറയുന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ കോടതിക്കു മുന്നില്‍ എത്തിച്ചത്. 

സഹോദരി ഭര്‍ത്താവ് മുകേഷുമായുളള സംഭാഷണത്തിലായിരുന്നു കിരണിന്‍റെ പരാമര്‍ശം. സ്ത്രീധനത്തിനു വേണ്ടി കിരണ്‍ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നു എന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടില്‍ വച്ച് താന്‍ വിസ്മയയെ മര്‍ദിച്ചു എന്ന കാര്യം കിരണ്‍ തന്നെ സഹോദരി ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും കോടതിക്കു മുന്നില്‍ എത്തി. വിസ്മയയെ അടിച്ചോ എന്ന സഹോദരി ഭര്‍ത്താവിന്‍റെ ചോദ്യത്തിന് കിരണ്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

കിരണ്‍ സഹോദരി ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം

മുകേഷ്: അവിടെ അടിയ്ക്കുകയോ വല്ലോം ചെയ്തോ അവിടെ

കിരണ്‍: ഇടയ്ക്ക് ഒരെണ്ണം കൊടുത്തു. അതും ആ വണ്ടിയില്‍ വച്ച്.ഞാന്‍ വണ്ടി കൊണ്ടിട്ടിട്ട് പോരാമെന്ന് വച്ചതാ.അന്നേരം അവന്‍ കയറി ശരി അളിയാ എന്ന് പറഞ്ഞ് ഒരു മാതിരി ആക്കി കാണിച്ചു.അന്നേരം ഞാന്‍ പിടിച്ചിട്ട് ഒരടി കൊടുത്ത് ഒരു തളളു തളളി.അവന്‍ മറിഞ്ഞു വീണു.ഞാന്‍ ഇറങ്ങി പെട്ടെന്ന് ഇങ്ങ് പോന്നു

കിരണിന്‍റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം പൊലീസ് കിരണിന്‍റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിര്‍ണായക തെളിവായി ഈ സംഭാഷണങ്ങള്‍ മാറുന്നതും. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് മകളെ കിരണ്‍ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്കു മുന്നില്‍ പറഞ്ഞിരുന്നു.

YouTube video player