Asianet News MalayalamAsianet News Malayalam

'സ്ത്രീധനത്തിന് ഞാൻ എതിരായിരുന്നു, കൊടുക്കാൻ പാടില്ലാത്തതാണ്, പക്ഷേ കൊടുക്കേണ്ടിവന്നു': വിസ്മയയുടെ അച്ഛൻ

വിവാഹത്തിന് മുൻപ് ബന്ധുക്കളുമായി പോയപ്പോൾ കിരണിന്‍റെ അച്ഛൻ ശിവദാസൻ പിള്ളയും മൂത്തച്ഛൻ സദാശിവൻ പിള്ളയും, തന്നെ വീടിന് പുറകിലേക്ക് രഹസ്യമായി വിളിച്ച് കൊണ്ടുപോയി മകൾക്ക് എന്ത് കൊടുക്കുമെന്ന് ചോദിച്ചു'

vismaya father says against dowry
Author
Kollam, First Published Jun 22, 2021, 11:30 PM IST

കൊല്ലം: കൊല്ലം സ്വദേശി വിസ്മയ ദുരൂഹ സാഹചര്യത്തിൽ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സ്ത്രീധന വിഷയവും വലിയ തോതിൽ ചർച്ചയാകുകയാണ്. വിസ്മയയ്ക്ക് എൽക്കേണ്ടിവന്ന പീഡനമത്രയും സ്ത്രീധനവുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ് ഏവരും ചൂണ്ടികാണിക്കുന്നത്. അതുതന്നെയാണ് വിസ്മയയുടെ അച്ഛനും ചൂണ്ടികാട്ടിയത്. സ്ത്രീധനമെന്ന സംവിധാനത്തിന് എതിരായിട്ടും തനിക്ക് അത് ചെയ്യേണ്ടിവന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വിക്രമൻ പിള്ള കണ്ണീരോടെയാണ് പറഞ്ഞത്.

'സ്ത്രീധനം എന്ന സംവിധാനത്തിന് താൻ നിൽക്കാൻ പാടില്ലായിരുന്നു, താനും അതിനെതിരായിരുന്നു, എന്നാൽ നേരിട്ട് വന്നപ്പോൾ ചെയ്യാതിരിക്കാൻ കഴിയാതെയായിപ്പോയി.... ഇതായിരുന്നു വിസ്മയയുടെ അച്ഛന്‍റെ വാക്കുകൾ. 'കിരൺ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞായിരുന്നു വന്നത്, എന്നാൽ അവരുടെ വീട്ടിൽ വിവാഹത്തിന് മുൻപ് ബന്ധുക്കളുമായി പോയപ്പോൾ കിരണിന്‍റെ അച്ഛൻ ശിവദാസൻ പിള്ളയും മൂത്തച്ഛൻ സദാശിവൻ പിള്ളയും, തന്നെ വീടിന് പുറകിലേക്ക് രഹസ്യമായി വിളിച്ച് കൊണ്ടുപോയി മകൾക്ക് എന്ത് കൊടുക്കുമെന്ന് ചോദിച്ചു'....ഇതോടെയാണ് സ്ത്രീധനം കൊടുക്കാൻ താൻ തയ്യാറാകേണ്ടിവന്നതെന്നും അച്ഛൻ വിക്രമൻ പിള്ള വ്യക്തമാക്കി. ഒരേക്കർ 20 സെന്റ് വസ്തുവും 100 പവൻ സ്വർണവും പത്ത് ലക്ഷം രൂപയിൽ താഴെയൊരു വണ്ടിയും കൊടുക്കാമെന്ന് സമ്മതിച്ചതായും ചടങ്ങിൽ വെച്ച് ഇക്കാര്യം പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സ്ത്രീധനത്തിൽ പറഞ്ഞ കാറുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളിൽ ഏറിയപങ്കുമുണ്ടായ്, ഈ വർഷം ജനുവരി മാസം മുതലാണ് വണ്ടിയുടെ പേരിൽ പ്രശ്നം വന്നത്, വണ്ടിക്ക് പെട്രോൾ മുതലാകുന്നില്ല, മൈലേജ് ഇല്ലെന്നായിരുന്നു ആദ്യം പരാതി പറഞ്ഞത്, വണ്ടി വിറ്റ് അതിന്റെ പൈസ തരണം എന്ന് കിരൺ പറഞ്ഞു, സിസി ഇട്ട് എടുത്ത വണ്ടിയാണ് വിൽക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞു. അതിന് ശേഷം അവൻ എന്‍റെ മോളെ ഉപദ്രവിക്കാൻ തുടങ്ങി' ഈയൊരു കാർ മാത്രമേയുള്ളൂ പ്രശ്നമെന്നും വിക്രമൻ നായർ പറഞ്ഞു. സ്ത്രീധനത്തിനെതിരായിട്ടും അത് ചെയ്യേണ്ടിവന്നതിലെ കുറ്റബോധവും അദ്ദേഹം മറച്ചുവച്ചില്ല.

വിസ്മയയുടെ സഹോദരൻ വിജിത്തും സ്ത്രീധനമാണ് പ്രധാനപ്രശ്നമെന്ന് ചൂണ്ടികാട്ടിയിരുന്നു. സ്ത്രീധനം കൊടുക്കരുതെന്ന് എല്ലാവരും പറയും. സിസ്റ്റം മാറാതെ ഒന്നും നടക്കില്ല. ഹാഷ് ടാഗ് വിസ്മയ എന്നോ വേറൊരു പേരോ വരും. അതല്ല വേണ്ടത്. സ്ത്രീധനമെന്ന പ്രശ്നമാണ് മാറേണ്ടതെന്നും വിജിത്ത് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും സ്ത്രീധനത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീധന പീഡനം കാരണം പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങൾ ​ഗൗരവമായി കണ്ട്  കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം കേൾക്കുന്നുണ്ട്. അത്തരത്തിൽ നമ്മുടെ നാട് മാറുക എന്നത് നമ്മുടെ സംസ്ഥാനം ആർജ്ജിച്ചിട്ടുള്ള സംസ്കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. നാടിന് ചേരാത്ത ഒന്നാണത്. പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്ത് വാങ്ങി എന്നതാവാൻ പാടില്ല കുടുംബത്തിന്‍റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപ്പന ചരക്കായി മാറ്റുകയാണെന്ന് ഓർക്കണം.  വിവാഹത്തെ വ്യാപാരകരാറായി തരം താഴ്ത്തരുത്. ഇത്തരം കാര്യങ്ങൾ വീടിനുള്ളിൽ ചർച്ച ചെയ്യുന്നത് അവിടെ വളരുന്ന മക്കളിൽ സ്വാധീനം ചെലുത്തുമെന്ന് ഓരോ ആളും മനസ്സിലാക്കേണ്ടതുണ്ട്.  പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആൺകുട്ടികൾക്ക് ഉണ്ടാക്കികൊടുക്കരുത്. ഭർത്താവിന്റെ  വീട്ടിൽ ശാരീരികവും മാനസ്സികവുമായ പീഡനം സഹിച്ച് കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെൺകുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുകയുമരുത്. ഇവ രണ്ടും പുരുഷാദിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവർത്തിത്വമാണ് ആവശ്യം. ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധം കുഞ്ഞുങ്ങളിലേക്ക് പകരരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിന് ഉദകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios