പ്രതിപക്ഷം പരിപാടി ആദ്യംതന്നെ ബഹിഷ്കരിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് എന്ന വ്യാഖ്യാനമാണ് ആദ്യം വന്നിരുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നൽകി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നെന്നും പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസം​ഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വാസവൻ പറഞ്ഞു. 

ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, തുറമുഖ മന്ത്രി, മന്ത്രി വി ശിവൻകുട്ടി, ജി ആർ അനിൽ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ്, ശശി തരൂർ എം പി, ആര്യ രാജേന്ദ്രൻ, ​ഗൗതം അദാനി തുടങ്ങിയവരുടെ പേരുകളാണ് കേന്ദ്രത്തിന് അയച്ചിരുന്നതെന്നും വി എൻ വാസവൻ പറഞ്ഞു. 

പ്രതിപക്ഷം പരിപാടി ആദ്യംതന്നെ ബഹിഷ്കരിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് എന്ന വ്യാഖ്യാനമാണ് ആദ്യം വന്നിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ലിസ്റ്റിൽ വിഡി സതീശന്റെ പേര് ഉൾപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോൾ വരുന്ന വ്യാഖ്യാനം. കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീൻ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിൽ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ. 

Read More:കഞ്ചാവ് കേസിൽ എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്

ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിൽ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കുകയായിരുന്നു. സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട് ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം. വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വെച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു. 

2023 ൽ ആദ്യ ചരക്ക് കപ്പലെത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻചാണ്ടിക്ക് നൽകിയ സതീശന്‍റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം