തീരദേശ പരിപാലന അതോറിറ്റിയുടെ തെറ്റായ സത്യവാങ്മൂലത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമാണം ഹൈക്കോടതി തടഞ്ഞു. പുളിങ്കുടി കടല്‍ത്തീരം പദ്ധതിയുടെ ഭാഗമല്ലെന്ന ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണൻ്റെ നിലപാടാണ് സർക്കാരിനും അദാനിക്കും തിരിച്ചടിയായത്

തിരുവനന്തപുരം: തീരദേശ പരിപാലന അതോറിറ്റിയുടെ തെറ്റായ സത്യവാങ്മൂലത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമാണം പ്രതിസന്ധിയില്‍. മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായിട്ടും പുളിങ്കുടി കടല്‍ത്തീരം പദ്ധതിയുടെ ഭാഗമല്ലെന്ന് കെ ഗോപാലകൃഷ്ണൻ ഐ എ എസ് നൽകിയ സത്യവാങ്മൂലം കാരണം ഹൈക്കോടതി നിർമാണം നിര്‍ത്തിവെക്കാൻ നിർദേശിച്ചു. വിഴിഞ്ഞത്തിന്‍റ രണ്ടാംഘട്ടം 2028 ഡിസംബറ‍ോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്പോഴാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടർന്ന് സർക്കാർ കുരുക്കിലാകുന്നത്. സ്വപ്ന പദ്ധതിക്കെതിരെ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ നിലപാടെടുത്തതിന്‍റെ അമ്പരപ്പിലാണ് സർക്കാർ.

വിശദ വിവരങ്ങൾ

വിഴിഞ്ഞത്തിന്‍റ രണ്ടാംഘട്ടം 2028 ഡിസംബറ‍ോടെ പൂർത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടർന്ന് സർക്കാർ കുരുക്കിലാകുന്നത്. അനുമതി ഉണ്ടായിട്ടും പുളിങ്കുടി കടൽത്തീരത്ത് നിർമ്മാണത്തിന് പരിസ്ഥിതി അനുമതി ഇല്ല എന്നായിരുന്നു കേരള തീരദേശ പരിപാലന അതോറിറ്റിയുടെ സത്യവാങ്മൂലം. പ്രദേശവാസി നല്‍കിയ ഹർജിയില്‍ ആണ് ചുമതലക്കാരനായ കെ ഗോപാലകൃഷണൻ ഐ എ എസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതോടെ ഹൈക്കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിശോധനയ്ക്ക് ഉത്തരവിട്ടു. ഒപ്പം റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ തീരത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാനും നിർദ്ദേശിച്ചു. വിഴിഞ്ഞം മാസ്റ്റർ പ്ലാനിന്‍റെ ഭാഗമാണ് പുളിങ്കുടിയിലെ നിർമാണം എന്നിരിക്കെയാണ് പദ്ധതിയുടെ ഭാഗമല്ലെന്ന് വിചിത്ര സത്യവാങ്മൂലം ഗോപാലകൃഷ്ണൻ നല്‍കിയത്. ഉദ്യോഗസ്ഥന്‍റെ അസാധാരണ നടപടിയിൽ സർക്കാർ കടുത്ത അതൃപ്തിയിലാണ്. പിഴവ് തിരുത്തി സത്യവാങ്മൂലം നല്‍കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഗുരുതര വീഴ്ച സംഭവിച്ചതില്‍ ഗോപാലകൃഷ്ണനെതിരെ കർശന നടപടിക്കും സാധ്യതയുണ്ട്. നിർമാണം നിർത്തിവെക്കേണ്ടി വന്നത് കരാറുകാരായ അദാനിക്കും പ്രതിസന്ധിയായി. പുളുങ്കുടി മുതല്‍ തീരം കവരുന്ന രീതിയില്‍ 20 കിലോമീറ്റർ ദൂരത്തില്‍ നിർമാണം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രദേശവാസി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹർജി നല്‍കിയത്. വിദഗ്ധ സംഘം പരിശോധിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.