Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം തുറമുഖം നായനാരുടെ കാലത്തെ ആശയം, തടസം നിന്നത് ആന്റണിയെന്നും എംവി ഗോവിന്ദൻ

പദ്ധതിക്കെതിരെ സമരം നടന്നല്ലോയെന്നും ആ ഘട്ടത്തിലൊക്കെ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും ഗോവിന്ദൻ

Vizhinjam port idea first introduced when EK Nayanar was CM says MV Govindan kgn
Author
First Published Oct 13, 2023, 5:17 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്റെ പേരിലാണ് തുറമുഖ നിർമ്മാണ കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന 15 ന് സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പദ്ധതിയുടെ ക്രഡിറ്റ് സിപിഎം മാത്രം എടുക്കേണ്ടെന്നും എല്ലാവരും എടുത്തോട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടന്നല്ലോയെന്നും ആ ഘട്ടത്തിലൊക്കെ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ ശത്രു സിപിഎം ആണെന്ന് അവർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളെ പോലെ പൊതു തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇസ്രയേലുമായി ബന്ധപ്പെട്ട് കെകെ ശൈലജയുടെ ഫെയ്സ്‌ബുക് പോസ്റ്റിൽ പാർട്ടി നിലപാടാണ് വ്യക്തമാക്കിയത്. ഹമാസിന്റെ വർഗ ഘടന താൻ വിശദീകരിക്കുന്നില്ല. മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് പാലസ്തീൻ വിഷയം. പലസ്തീൻ ജനതയ്ക്ക് സ്വന്തം രാജ്യം വേണമെന്ന യുഎൻ നിർദ്ദേശം നടപ്പായിട്ടില്ല. വെസ്റ്റ് ബാങ്കിൽ മാത്രം 200 ലധികം പേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മധ്യേഷ്യയിൽ സമാധാനം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 20 മുതൽ സിപിഎം ഏരിയാ തലത്തിൽ സമാധാന കൂട്ടായ്മകൾ സംഘടിപ്പിക്കും. അടിസ്ഥാന പരമായി പലസ്തീൻ ജനതയെ സംരക്ഷിക്കണം എന്നതാണ് സിപിഎം നിലപാടെന്നും കെകെ ശൈലജ ടീച്ചറുടെ ഫെയ്സ്ബുക് പോസ്റ്റിലും ഇതാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios