Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല

വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് 54 കുടുംബം മാത്രമാണ് സ്വീകരിച്ചത്.

Vizhinjam Port Protest to continue
Author
First Published Sep 23, 2022, 1:58 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി പ്രതികരിച്ചു. തുഖമുഖ നിർമ്മാണം നിർത്തി വയ്ക്കില്ലെന്നും  സമവായ നിർദ്ദേശങ്ങളിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് ലത്തീൻ സഭ അറിയിച്ചെന്നുമാണ് സർക്കാരിൻ്റെ പ്രതികരണം 

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മിൽ ചർച്ച നടക്കുന്നത് . ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ച് നിൽക്കുകയാണ്. 

വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് 54 കുടുംബം മാത്രമാണ് സ്വീകരിച്ചത്. തുറമുഖ നിർമ്മാണം നിർത്തി വച്ച് ഒത്തുതീർപ്പിനില്ലെന്ന് സർക്കാർ ആവർത്തിച്ചു

അതിനിടെ പരമ്പരാഗത മത്സ്യതൊഴിലാളികളിൽ വലിയൊരു വിഭാഗം നഷ്ടപരിഹാര പാക്കേജിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച് മുസ്ലീം ജമാഅത്ത് ഐക്യ വേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്.  ചെയർമാൻ എച്ച്.എ റഹ്മാൻ്റെ നേത്വത്തിൽ ഐക്യ വേദി ഭാരവാഹികളും മന്ത്രിതല സമിതിയുമായി ചർച്ചക്കെത്തി.  ജാതിമത ഭേദമില്ലാതെ എല്ലാ മത്സ്യത്തൊഴിലാളികളേയും പാക്കജിനായി പരിഗണിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഒഴിവാക്കപ്പെട്ട തൊഴിലാളികളെ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് അഭിപ്രായം ഇല്ലെന്നുമാണ് ചർച്ചക്ക് ശേഷം ജമാ അത്ത് ഐക്യവേദിയുടെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios