വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കരുതിവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്. ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ വിഎൻ വാസവൻ പറഞ്ഞു.

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണ് ഇത് യഥാര്‍ഥ്യമാകാൻ കാരണം. ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്താണ് സാധ്യമല്ലാത്തത് ഒന്നുമില്ല എന്ന നെപ്പോളിയന്‍റെ വാക്യം അര്‍ഥപൂര്‍ണമാകുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാക്കുന്നതിന് ഇടതുപക്ഷ സര്‍ക്കാരും അതിന്‍റെ അമരക്കാരനായ മുഖ്യമന്ത്രിയും നേതൃത്വപരമായ പങ്കുവഹിച്ചത്. 

തുടക്കത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഇത് യഥാര്‍ഥ്യമാക്കിയത്. അസംസ്കൃത വസ്തുക്കളുടെ കുറവും കോവിഡ് അടക്കമുള്ള മഹാമാരികളും പ്രളയവുമെല്ലം അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്ന് യഥാര്‍ഥ്യമാക്കിയത്. ചടങ്ങിന് അധ്യക്ഷത വഹിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രി കാലം കരുതിവെച്ച കര്‍മ്മയോഗിയായ ഈ തുറമുഖത്തിന്‍റെ ശിൽപി പിണറായി വിജയനെ ഹാര്‍ദമായി സ്വാഗം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയെ വിഎൻ വാസവൻ സ്വാഗതം ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രിയെയും ഗവര്‍ണറെയും മറ്റു വേദിയിലുള്ളവരെയും മന്ത്രി സ്വാഗതം ചെയ്തു.


അദാനിയെ പാര്‍ട്ണറെന്ന് വിശേഷിപ്പിച്ച് മന്ത്രി

സ്വാഗത പ്രസംഗത്തിൽ മന്ത്രി വിഎൻ വാസവൻ ഗൗതം അദാനിയെയും പുകഴ്ത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ തുറമുഖത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചാണ് ഗൗതം അദാനിയെ വിഎൻ വാസവൻ സ്വാഗതം ചെയ്തത്. തുറമുഖത്തിന്‍റെ പങ്കാളിയായ അദാനിയെ ഹാര്‍ദവമായി സ്വാഗതം ചെയ്യുകയാണെന്ന് വിഎൻ വാസവൻ പറഞ്ഞു. തുടര്‍ന്ന് കരണ്‍ അദാനിയെയും സ്വാഗതം ചെയ്തു. വിഴിഞ്ഞം തുറമുഖം വരുമ്പോള്‍ ബാധിക്കപ്പെട്ട 2976 പേര്‍ക്ക് 114 കോടിയാണ് ഇതിനോടകം വിതരണം ചെയ്തത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചും സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ചും മറ്റു പദ്ധതികളും നടപ്പാക്കിവരുന്നുണ്ടെന്നും വിഎൻ വാസവൻ.

വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യമായത് പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള ഇടപെടലാിന്‍റെ ഫലമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രാവിലെ പറഞ്ഞത്. വിഴിഞ്ഞ‌ം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെങ്കിലും നൽകണമെങ്കിൽ അത് ഇകെ നായനാര്‍ക്കാണ് നൽകേണ്ടത്. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചിട്ടില്ല. പക്ഷേ ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കിൽ വിഴിഞ്ഞം നടക്കില്ലായിരുന്നു. അഴിമതിയിൽ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ മുൻഗണന നാടിന്‍റെ വികസനമാണ്. പദ്ധതി പൊളിക്കാൻ നടന്നവരാണ് ബിജെപിക്കാര്‍. ഒരു നയാപൈസയും പദ്ധതിക്കായി നൽകിയില്ല. 

വിഴിഞ്ഞം പദ്ധതി കേരളം ഇന്ത്യക്കും ലോകത്തിനും നൽകുന്ന സംഭാവനയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ പ്രാധാനമന്ത്രിക്ക് നൽകിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പ്രാധാനമന്ത്രിയുടെ ഓഫിസാണ് തീരുമാനം എടുക്കുന്നത്. നടപടി ക്രമങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയാത്തതുകൊണ്ട് സംഭവിച്ചതാവാം.

അന്തിമ അംഗീകാരം അവിടെ നിന്ന് കിട്ടിയാൽ മാത്രമേ താങ്കള്‍ സ്റ്റേജിൽ ഉണ്ടാവണം എന്ന് സംസ്ഥാന സർക്കാരിന് പ്രതിപക്ഷ നേതാവിനോട് പറയാൻ സാധിക്കുവെന്നും പി രാജീവ് പറഞ്ഞു. യുഡിഎഫ് ഭരണക്കാലത്തെ ഒരു കല്ലിന്‍റെ സംഭാവന ആരും മറക്കില്ല. എല്ലാം പൊതുമധ്യത്തിലുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയിലാണ് പദ്ധതി നടപ്പിലായതെന്നും പി രാജീവ് പറഞ്ഞു.

ചരിത്ര നിമിഷം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനെന്ന് മോദി

YouTube video player