ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ മൂന്ന് പേരെന്ന് ഡിവൈഎഫ്ഐ; ഷാഫിയും രാഹുലും സരിനുമെന്ന് സനോജ്
തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോൺഗ്രസിലുള്ളതെന്നും സനോജ് പറഞ്ഞു
കണ്ണൂർ: ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിച്ച് ഡി വൈ എഫ് ഐ രംഗത്ത്. യൂത്ത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും ഇതിന് പിന്നിൽ മൂന്ന് പേരാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന്‍റെ ഐ ടി സെൽ ചുമതലയുള്ള സരിനും ചേർന്നാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോൺഗ്രസിലുള്ളതെന്നും സനോജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും ഇത്തരം അശ്ശീല മോർഫ് വീഡിയോ പ്രചരിപ്പിച്ചിരുന്നെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി. ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ് ഷെയർ ചെയ്യാതിരിക്കുക എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും നേതാവിന്‍റെ മനോഭാവം ഇതാണെങ്കിൽ അണികളുടെ കാര്യം ചിന്തിക്കാമല്ലോ എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.
അതേസമയം പാനൂർ ബോംബ് സ്ഫോടന കേസിലും സനോജ് ഡി വൈ എഫ് ഐയുടെ നിലപാട് വ്യക്തമാക്കി. കേസിൽ പാർട്ടി അംഗങ്ങൾ ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ഉറപ്പ് പറഞ്ഞു. സി പി എമ്മിന്‍റെ പോഷക സംഘടന അല്ല ഡി വൈ എഫ് ഐ എന്നും സനോജ് പറഞ്ഞു. പാർട്ടിക്കാർ ഡി വൈ എഫ് ഐയിൽ ഉണ്ടാകാമെന്നും എന്നാൽ എല്ലാ ഡി വൈ എഫ് ഐക്കാരും പാർട്ടിയിൽ ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം