Asianet News MalayalamAsianet News Malayalam

ഇടമലക്കുടി യാത്ര വിവാദം രാഷ്ട്രീയപ്രേരിതമെന്ന് വ്ലോഗര്‍ സുജിത്ത് ഭക്തന്‍; എന്ത് നടപടിയും നേരിടും

 വ്ലോഗറായ സുജിത്ത് ഭക്തന്‍റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തേടിയിരുന്നു. ഇപ്പോഴത്തെ വിവാദം രാഷ്ട്രീയ പ്രേരിതം എന്നാണ് സുജിത്ത് ഭക്തന്‍ പറയുന്നത്.
 

Vlogger flouts protocol, visits Edamalakkudy: Vlogger Sujith sujith bhakthan react
Author
Thiruvananthapuram, First Published Jun 30, 2021, 4:17 PM IST

ദിവാസി ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീന്‍ കുര്യക്കോസും, വ്ലോഗര്‍ സുജിത്ത് ഭക്തനും നടത്തിയ യാത്ര ഏറെ വിവാദമായിരിക്കുകയാണ്. സെൽഫ് ക്വാറന്‍റീനിലുള്ള ഇടമലക്കുടിയിലേക്ക് എംപിയ്ക്ക് പോകാമെങ്കിലും വ്ലോഗർ സുജിത്ത് ഒപ്പം വരുന്നതിനെ കുറിച്ച് വനംവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നാണ് പുതിയ വിവാദം. സിപിഐ സിപിഎം പാര്‍ട്ടികള്‍ പരാതിയുമായി രംഗത്ത് എത്തിയതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വ്ലോഗറായ സുജിത്തിന് വനത്തില്‍ അനുമതിയുണ്ടായിരുന്നില്ലെന്നും, ഇതില്‍ അന്വേഷണം നടത്തുമെന്നും വനം വകുപ്പും അറിയിച്ചു. ഈ വിഷയത്തില്‍ വ്ലോഗറായ സുജിത്ത് ഭക്തന്‍റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തേടിയിരുന്നു. ഇപ്പോഴത്തെ വിവാദം രാഷ്ട്രീയ പ്രേരിതം എന്നാണ് സുജിത്ത് ഭക്തന്‍ പറയുന്നത്.

കേരളത്തില്‍ ഈ കൊവിഡ് കാലത്തും 150ലേറെ കുട്ടികള്‍ പഠിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഏക സ്കൂളാണ് ഇടമലക്കുടിയിലേത്. അവിടേക്ക് എന്‍റെ സ്വന്തം നിലയിലും, എംപിയുടെ നിലയിലും സഹായം എത്തിക്കാനാണ് പോയത്. ആ നാട്ടിലെ ജനപ്രതിനിധിയായ എംപി വിളിച്ചിട്ടാണ് ഞാന്‍ പോയത്. എംപിക്ക് ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തില്‍ സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്. അദ്ദേഹത്തിന് ഒപ്പം ആര് സഞ്ചരിക്കണം എന്ന് തീരുമാനിക്കാം. ഞാനും എംപി ഡീന്‍ കുര്യക്കോസും, പിഎയും അടക്കം വളരെ ചെറിയ സംഘമാണ് അവിടെ എത്തിയത്. ഒരുഘട്ടം വരെ കാറിലും, പിന്നീട് വനം വകുപ്പിന്‍റെ ബോര്‍ഡ് വച്ച വണ്ടിയിലുമാണ് അവിടെ എത്തിയത്. അതിനാല്‍ തന്നെ വനം വകുപ്പ് അനുമതിയില്ല എന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല, സുജിത്ത് പറയുന്നു.

ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം യൂട്യൂബിലിട്ട വീഡിയോ കണ്ടാല്‍ മനസിലാകും, അവിടെ ഒരു ചടങ്ങില്‍ പങ്കെടുക്കാനും, സഹായങ്ങള്‍ എത്തിക്കാനുമാണ് പോയത്. അതില്‍ വ്യക്തമാണ്, അവിടെ നിന്നും ഞങ്ങള്‍ ആ പഞ്ചയത്തില്‍ കറങ്ങി നടന്നിട്ടില്ല. പിന്നെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ്, കൃത്യമായി കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരുന്നു യാത്ര. സ്കൂള്‍ തുറക്കുന്ന ജൂണില്‍ തന്നെ അവിടെ സഹായം എത്തിക്കണ്ടെ, ഒപ്പം ആ സ്കൂളിനെ ഇന്നത്തെ നിലയിലാക്കിയ രണ്ട് അദ്ധ്യപകര്‍ സ്കൂളിനോട് വിടവാങ്ങുന്നതിന് അവര്‍ക്ക് ആദരം നല്‍കുന്ന ചടങ്ങ് കൂടിയാണ് അവിടെ നടന്നത്. ഇത്തരം പരിപാടികള്‍ക്ക് പിന്നീട് പോയാല്‍ മതിയോ.

ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണ്. എംപിക്കൊപ്പം പോയി എന്നതിനാലാണ് താനും ഇതിന്‍റെ ഭാഗമാകുന്നത്. ഞാന്‍ പോകുന്നതിന് മുന്‍പ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തുകയും, അവിടെ ഒരു രാത്രി താമസിക്കുകയും അവിടെ ചുറ്റിക്കറങ്ങുകയും ചെയ്ത വ്ലോഗര്‍മാരുടെ വീഡിയോകള്‍ യൂട്യൂബില്‍ ഇപ്പോഴും ഉണ്ട്. അത് ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അവിടുത്തെ പല പ്രശ്നങ്ങളുണ്ട്. എംപിയോട് അവിടുത്തെ നാട്ടുകാര്‍ തന്നെ പറയുന്നത് കണ്ടിരുന്നു. എന്നാല്‍ അതൊന്നും വീഡിയോ എടുത്തിട്ടില്ല.അവിടുത്തെ പഞ്ചായത്ത് അധികൃതര്‍ പോലും ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്നു, നല്ല കാര്യം ചെയ്യാന്‍ രാഷ്ട്രീയ വ്യത്യാസം ഇല്ല. നല്ല കാര്യമാണെങ്കില്‍ നാളെ വീണ ജോര്‍ജ് വിളിച്ചാലും, സുരേന്ദ്രന്‍ വിളിച്ചാലും ഞാന്‍ പോകും - സുജിത്ത് പറയുന്നു.

ഇപ്പോള്‍ വിവിധ വകുപ്പുകള്‍ നടപടി എടുക്കുന്നു എന്ന വാര്‍ത്തകളാണ് കണ്ടത്. എന്നാല്‍ തന്നെ തേടി അന്വേഷണം ഒന്നും വന്നിട്ടില്ലെന്നും. ഇത്തരം ഒരു നല്ല പ്രവര്‍ത്തി ചെയ്തതിന്‍റെ പേരില്‍ തനിക്കെതിരെ നടപടികള്‍ വല്ലതും ഉണ്ടായാല്‍ അത് സ്വീകരിക്കുമെന്നും സുജിത്ത് ഭക്തന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Read More: കൊവിഡ് മാനദണ്ഡം ലംഘിച്ച് വ്ളോഗറോടൊപ്പം എംപിയുടെ ഇടമലക്കുടി സന്ദര്‍ശനം; പൊലീസ് അന്വേഷണം തുടങ്ങി

Read More: 'ഇടമലക്കുടിയിലേക്ക് വ്ലോ​ഗര്‍ക്ക് അനുമതി ഇല്ലായിരുന്നു'; വിവാദ യാത്രയെക്കുറിച്ച് വനംവകുപ്പ് അന്വേഷണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios