ഭരിക്കുന്ന പാർട്ടികൾ വിചാരിച്ചാൽ ഇത്തരം തട്ടിപ്പ് നടത്താം എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു മോഷണം ജനങ്ങളെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നു എന്ന് രമേശ് ചെന്നിത്തല. ഭരിക്കുന്ന പാർട്ടിയായ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചിരിക്കുന്നു എന്നും നരേന്ദ്ര മോദിയും അമിത്ഷായും ഭരിക്കുമ്പോൾ നിഷ്പക്ഷമായി ഒരു തിരഞ്ഞെടുപ്പ് നടക്കില്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ക്രമക്കേടുകൾ തെളിവുകൾ സഹിതം ഞങ്ങൾ അന്ന് പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് കേട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയിൽ ഇനിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കില്ല എന്നതിന്റെ തെളിവാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയോടുള്ള പ്രവർത്തനം അസാധ്യം ആയിരിക്കുന്നു. വ്യക്തമായ തെളിവുകളോടെ അന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് യാതൊരു നടപടിയും എടുത്തില്ല. പിന്നീടാണ്ണ് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം 10 ലക്ഷത്തോളം കള്ളവോട്ട് കേരളത്തിലെ വോട്ടർ പട്ടികയിൽ കടന്നു കൂടിയിട്ടുണ്ട്. തെളിവ് സഹിതം ഇക്കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയിട്ടും ആകെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് 38,000 ഓളം വോട്ടുകൾ മാത്രമാണ്. ഞാന്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എന്‍റെ അന്നത്തെ പരാതിയിൽ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ ആവശ്യപ്പെടും. രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയത് ബിജെപി സർക്കാരിൻ്റെ തട്ടിപ്പാണ്. ഞാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തട്ടിപ് ചൂണ്ടിക്കാട്ടി. ഭരിക്കുന്ന പാർട്ടികൾ വിചാരിച്ചാൽ ഇത്തരം തട്ടിപ്പ് നടത്താം എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.