കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

2015ലെ വോട്ടർ പട്ടിക കരടായെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നട്തതാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം ചോദ്യം ചെയ്താണ് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പലരും 2015ലെ വോട്ടർ പട്ടികയിലില്ലെന്നും ഇനിയും പേരുകൾ കൂട്ടി ചേർക്കുന്നതടക്കം വലിയ പ്രയാസമുണ്ടാകക്കുമെന്നുമായിരുന്നു ഹ‍ർജിയിയിലെ ആരോപണം. 2019ലെ വോട്ടർ പട്ടിക കരടായി എടുത്തു തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു യുഡിഫ് ആവശ്യം. 

യുഡിഎഫ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, എൻ വേണുഗോപാൽ, എം മുരളി അടക്കമുള്ള നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ യുഡിഎഫ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. മണ്ഡലത്തിലെ വാർഡ് അടിസ്ഥാനമാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നത്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ  നിയമസഭ , ലോക സഭ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുതുക്കുന്നത് പോളിംഗ് ബൂത്ത് അടിസ്ഥാനമാക്കിയാണ്.  

പല വാർഡുകളുടെയും ഭാഗങ്ങൾ പോളിംഗ് ബൂത്തിലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ലോകസഭ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദം കൂടി പരിഗണിച്ചാണ് യുഡിഎഫ് ഹ‍ർജി ഹൈക്കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.