ആലപ്പുഴയിൽ കനത്ത മഴയിലും കാത്തുനിൽക്കുന്ന ജനസാഗരത്തിന് നടുവിലൂടെ വിഎസിൻ്റെ വിലാപയാത്ര ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്
ആലപ്പുഴ: വിഎസിൻ്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നു. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് ഇവിടെ നിൽക്കുന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും. പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയമാകെ കീഴടക്കിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വരിനിൽക്കുന്ന ജനങ്ങളെ കാണാം.
ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.
വേലിക്കകത്ത് വീട്ടിൽ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആയിരക്കണക്കിന് പേർ അഭിവാദ്യമർപ്പിച്ചു. പിന്നീട് മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലേക്ക് എത്തിച്ചു. കനത്ത മഴയെ പോലും അവഗണിച്ച ജനങ്ങളുടെ വലിയ തിരക്കാണ് ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ടത്. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകീട്ട് നാലു മണിക്ക് സംസ്കാരം എന്നാണ് നിശ്ചയിച്ചത്. പക്ഷെ, ഇപ്പോഴും അവസാന പൊതുദർശനത്തിന് വേണ്ടി ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയാണ് വിഎസിൻ്റെ ഭൗതിക ദേഹം.



