വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദേഹത്തിന്‍റെ ദീര്‍ഘവീക്ഷണമാണ് ഇന്ന് കൊരട്ടിയുടെ പ്രതാപത്തിന് കാരണമായ ഐടി പാര്‍ക്ക്

തൃശൂർ: ചാലക്കുടി കൊരട്ടിയെ ഐടി ഭൂപടത്തിൽ ഇടംപിടിക്കുന്നതിന് കാരണക്കാരനായ മുഖ്യമന്ത്രിയാണ് വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്‍റെ താത്പര്യവും ഇടപെടലുമാണ് തൃശൂര്‍ ഐടി പാര്‍ക്ക് യഥാര്‍ഥ്യമാകുന്നതിന് കാരണമായത്. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദേഹത്തിന്‍റെ ദീര്‍ഘവീക്ഷണമാണ് ഇന്ന് കൊരട്ടിയുടെ പ്രതാപത്തിന് കാരണമായ ഐടി പാര്‍ക്ക്.

സ്പിന്നിങ് മില്ലിന് പാട്ടത്തിന് നല്കിയ 30 ഏക്കറോളം സ്ഥലത്താണ് ഐടി പാര്‍ക്ക് ആരംഭിച്ചത്. അന്നത്തെ എംഎല്‍എ ബി ഡി ദേവസിയാണ് പദ്ധതി കൊരട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. എംഎല്‍എക്ക് പൂര്‍ണ്ണ പിന്തുണ നൽകിയ വി എസ് സ്ഥലം കൈമാറുന്നതടക്കമുള്ള എല്ലാ പ്രവര്‍ത്തികള്‍ക്കും വേഗത കൂട്ടി.

ഒരു കാലത്ത് കൊരട്ടിയുടെ വികസനത്തിന് കാരണമായിരുന്നത് കൊരട്ടിയിലെ മദുര കോട്‌സ് കമ്പനിയായിരുന്നു. കമ്പനി അടച്ചുപൂട്ടിയതോടെ കൊരട്ടിയുടെ വികസനം പുറകോട്ടടിച്ചു. ഈ സാഹചര്യത്തിലാണ് കൊരട്ടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനായി ഐടി പാര്‍ക്ക് കൊണ്ടുവരാന്‍ ബി ഡി ദേവസി ശ്രമം നടത്തിയത്.

അടച്ചുപൂട്ടിയ കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന് വി എസ് പൂര്‍ണ്ണ പിന്തുണ നൽകി. പലതലത്തില്‍ നിന്നും പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടന്നപ്പോഴും നാടിന്‍റെ വികസനവും തൊഴില്‍ സാധ്യതയും മുന്നില്‍കണ്ട് വി എസ് കൊരട്ടിയെ ചേര്‍ത്തുപിടിച്ചു.

റെയില്‍വേ സ്റ്റേഷന്‍, അന്താരാഷ്ട്ര വിമാനത്താവളം, ദേശീയപാത എന്നിവയുടെ സാമീപ്യം കൊരട്ടിയിലെ ഐ ടി പാര്‍ക്ക് പദ്ധതിക്ക് ഗുണം ചെയ്തു. 2009 ഒക്‌ടോബര്‍ 10ന് വി എസ് അച്യുതാനന്ദന്‍ ഇന്‍ഫോ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. പൂക്കളുടേയും മരങ്ങളുടേയും പേരു നൽകിയ ഒമ്പത് വില്ലകളോടെയാണ് ഇന്‍ഫോ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടത്തെ കെട്ടിടങ്ങള്‍ ഐടി-ഐടിഇഎസ് കമ്പനികള്‍ക്ക് ഓഫീസുകള്‍ സ്ഥാപിക്കാന്‍ പാട്ടത്തിന് നല്കി. അതുവഴി തൊഴിലവസരങ്ങളും വരുമാനങ്ങളും ഉയര്‍ന്നു.

ഇന്ന് 40ഓളം കമ്പനികളിലായി 2800ല്‍പരം പേര്‍ പ്രത്യക്ഷമായും അതിന്‍റെ ഇരട്ടിയലധികം പേര്‍ പരോക്ഷമായും ഇവിടെ ജോലിനോക്കുന്നുണ്ട്. ഐ ടി പാര്‍ക്കിന്‍റെ വരവോടെ കൊരട്ടിയിലെ കച്ചവടങ്ങളും പച്ചപിടിച്ചു. കൊരട്ടിയുടെ പഴയകാല പ്രതാഭം വീണ്ടെടുക്കാന്‍ ഐ ടി പാര്‍ക്കിനായി. അതിനായി ഇച്ഛാശക്തിയോടെ ദീര്‍ഘവീക്ഷണത്തോടെ തീരുമാനമെടുത്തത് വി എസ് അച്യുതാനന്ദനായിരുന്നു.