Asianet News MalayalamAsianet News Malayalam

സഹകരണ സൊസൈറ്റി തട്ടിപ്പ്: വിഎസ് ശിവകുമാറിന്റെ അറസ്റ്റ് ഈ മാസം 31 വരെ തടഞ്ഞു

മൂന്ന് കേസുകളാണ് സംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മധുസൂധനൻ എന്ന വ്യക്തി മാത്രമാണ് വിഎസ് ശിവകുമാറിനെതിരെ അടക്കം പരാതി നൽകിയത്

VS Sivakumar arrest stayed until october 31st on Cooperative society fraud kgn
Author
First Published Oct 28, 2023, 4:43 PM IST

തിരുവനന്തപുരം: അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ. പ്രതി ചേർത്തതിന് പിന്നാലെ ശിവകുമാർ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നായർ നൽകിയ പരാതിയിൽ കരമന പോലീസ് എടുത്ത കേസിൽ ആണ് കോടതി അറസ്റ്റ് തടഞ്ഞത്.

ബാങ്കിൽ 2012-ൽ ശിവകുമാറിന്റെ ഉറപ്പിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ ശിവകുമാറും കൂട്ടുപ്രതികളും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് കണ്ടെത്തൽ. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ കേസിലെ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്‌ഠന്‍ രണ്ടാം പ്രതിയുമാണ്. അതേസമയം ബാങ്കിലെ എ-ക്ലാസ് മെമ്പർ മാത്രമാണ് താനെന്നും തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ആണ്  ജാമ്യ ഹർജിയിൽ ശിവകുമാർ  അറിയിച്ചത്.

മൂന്ന് കേസുകളാണ് സംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മധുസൂധനൻ എന്ന വ്യക്തി മാത്രമാണ് വിഎസ് ശിവകുമാറിനെതിരെ അടക്കം പരാതി നൽകിയത്. വിഎസ് ശിവകുമാർ നൽകിയ ഉറപ്പിലാണ് പണം സംഘത്തിൽ നിക്ഷേപിച്ചതെന്നാണ് പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴി. ഒരു കേസിൽ ഒന്നാം പ്രതി രാജേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. പണം നഷ്ടമായവർ ശാസ്തമംഗലത്തുളള ശിവകുമാറിന്റെ വീടിന് മുന്നിൽ മുമ്പ് പ്രതിഷേധം നടത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios