ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയത് അറിഞ്ഞില്ലെന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ രാഘവന്റെ വാദം പൊളിയുന്നു. 2017ൽ നടന്ന ചടങ്ങിൽ രാഘവനും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം 2017 ൽ തന്ത്രിക്ക് കൈമാറിയത് താൻ അറിയാതെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡിലുണ്ടായിരുന്ന സി പി എം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ രാഘവന്‍റെ വാദം പൊളിയുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാജിവാഹനം തന്ത്രിക്ക് കൈമാറുന്ന അന്നത്തെ ചടങ്ങിൽ രാഘവനും പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 2017 ലെ ദേവസ്വം പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണനെയും കോൺഗ്രസ് പ്രതിനിധിയായ അന്നത്തെ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെയും കുടുക്കും വിധമായിരുന്ന ബോർഡിലുണ്ടായിരുന്ന സി പി എം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ പ്രതികരണം. പഴയ കൊടിമരം മാറ്റിയപ്പോൾ അതിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത് 2012 ദേവസ്വം ഉത്തരവ് മറികടന്നായിരുന്നു എന്നും രാഖവൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കൈമാറ്റ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ രാഘവനും വിനയാകുകയാണ്. പ്രയാറിനും തറയിലിനുമൊപ്പം രാഘവനും ചടങ്ങിലുണ്ട്. അന്നത്തെ കൈമാറ്റ ചടങ്ങിനെ സംശയിക്കുന്ന എസ് ഐ ടിക്ക് ഇനി അജയ് തറയിലിനെ ചോദ്യം ചെയ്യുകയാണെങ്കിൽ രാഘവനെയും ചോദ്യം ചെയ്യേണ്ട സ്ഥിതിയാണ്.
എസ് ഐ ടി റിപ്പോർട്ട് വഴിത്തിരിവാകും
അതേസമയം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ അനുമതിയോടെയാണ് വാജി വാഹനത്തിന്‍റെ കൈമാറ്റമെന്നാണ് അജയ് തറയിൽ ആവർത്തിക്കുന്നത്. പരസ്യമായ ഈ ചടങ്ങിനെ സ്വർണ്ണക്കൊള്ളയുമായി ചേർത്ത് യു ഡി എഫിനെയും കുടുക്കാനാണ് ശ്രമമെന്നാണ് കോൺഗ്രസിന്‍റെയും നിലപാട്. വാജി വാഹന വിവാദത്തിൽ എസ് ഐ ടി ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ട് പ്രധാനമാണ്. ഇതിനിടെ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശാസ്ത്രീയപരിശോധനാ ഫലം എസ് ഐ ടിക്ക് കോടതി കൈമാറി. ശബരിമലയിലെ പാളികളിലെ സ്വർണ്ണത്തിന്‍റെ അളവും കാലയളവും കണ്ടെത്താൻ നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയാണ് എസ് ഐ ടിക്ക് നൽകിയത്. മറ്റന്നാൾ ഈ റിപ്പോർട്ടില വിശദാശങ്ങൾ എസ് ഐ ടി ഹൈക്കോടതിയെ അറിയിക്കും. ഈ വിശദാംശങ്ങളാകും ഈ കേസിൽ ഇനി വഴിത്തിരിവാകുന്നത്.
ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
അതിനിടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു.



