Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ജാഗ്രത: രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് വി എസ് സുനിൽകുമാർ

എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

vs sunilkumar on covid continue in ernakulam
Author
Kochi, First Published Jul 2, 2020, 2:20 PM IST

കൊച്ചി: കൊച്ചിയിലെ കൊവിഡ് സാഹചര്യത്തില്‍ കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. മെട്രോ നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിലവില്‍ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്താൻ എറണാകുളം ജില്ലയിൽ പരിശോധന കർശമനാക്കുമെന്നും മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. മാസ്ക്ക് ധരിക്കാത്തവർക്ക് എതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നവർക്കെ എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫയർ ഫോഴ്സിന്‍റെ സഹായത്തോടെ എറണാകുളം ബ്രോഡ് വേ മാർക്കറ്റ് അണുവിമുക്തമാക്കുമെന്നും അനാവശ്യമായി ആളുകൾ  മാർക്കറ്റുകളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് കൊച്ചി നഗരത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം എട്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർ‍ന്നത്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ എട്ട് പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ, മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളിൽ കവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

Also Read: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; കൊച്ചി നഗരത്തിൽ ആശങ്ക

അതേസമയം, എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ 51 കാരൻ ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തുരുത്തി സ്വദേശിയായ ഇദ്ദേഹത്തിന് പ്രമേഹരോഗമുള്ളത് ആരോഗ്യനില വഷളാകാൻ കാരണമായി. ജൂൺ 19നാണ് ഇദ്ദേഹം കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്.

Follow Us:
Download App:
  • android
  • ios