എറണാകുളം മാർക്കറ്റ് ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും. ചമ്പക്കര മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, വരാപ്പുഴ മാർക്കറ്റ് എന്നിവയെല്ലാം അടച്ചിടും.  ഇത്തരത്തിൽ ആളു കൂടുന്ന ഇടങ്ങളെല്ലാം അടച്ചിട്ടുകൊണ്ട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തും. 

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് പുതിയതായി 16 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതി ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സമൂഹവ്യാപന സാധ്യതയില്ലെന്നും മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. 

എറണാകുളം മാർക്കറ്റ് ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും. ചമ്പക്കര മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, വരാപ്പുഴ മാർക്കറ്റ് എന്നിവയെല്ലാം അടച്ചിടും. ഇത്തരത്തിൽ ആളു കൂടുന്ന ഇടങ്ങളെല്ലാം അടച്ചിട്ടുകൊണ്ട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തും. എന്നാൽ ജില്ലയിലാകെയോ കൊച്ചിയില‌ോ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ആലുവ നഗരസഭയിലെ 13 വാർഡുകളും ചെല്ലാനം പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് കൊവിഡ് രോ​ഗ നിരക്ക് കൂടി വരുന്ന ജില്ല എറണാകുളമായിരുന്നു. 100 സാമ്പിളുകൾ പരിശോധിച്ചാൽ 5.3 ശതമാനം ആളുകൾ പോസിറ്റീവ് ആകുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള പരിശോധനകളാണ് ഇവിടെ നടത്തിയത്. എന്തായാലും, ഇപ്പോഴിവിടെ കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ .9 ശതമാനം കേസുകൾ മാത്രമേ പോസിറ്റീവ് ആകുന്നുള്ളു. 

ചമ്പക്കര മാർക്കറ്റ് നിലവിൽ കണ്ടെയിൻമെന്റ് സോണാണ്. കൊച്ചി പട്ടണത്തിൽ സ്ഥിതി മെച്ചപ്പെട്ടു. ജില്ലയിൽ ഉറവിടം അറിയാത്ത കേസുകൾ 7 എണ്ണം മാത്രമാണുള്ളത്. ആവശ്യത്തിന് കൊവിഡ്ക പരിശോധനകൾ നടക്കുന്നുണ്ട്. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. 

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേരും വിദേശത്തു നിന്നെത്തിയവരാണ്. ആലുവ പമ്പ് ജംക്‌ഷനു അടുത്ത് കച്ചവടം നടത്തുന്ന എടത്തല സ്വദേശിക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള കടുങ്ങല്ലൂർ സ്വദേശിയായ വ്യാപാരിക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 215 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 99 പേരും അങ്കമാലി അഡല്ക്സിൽ 112 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. 

Read Also: എറണാകുളത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ, ഇന്ന് പുതുതായി 12 പുതിയ ഹോട്ട്സ്പോട്ടുകൾ...