പാലക്കാട്: എന്‍ ഐ എക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി  തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ എന്നാണ് ബല്‍റാമിന്‍റെ പരിഹാസം.

സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്‍റെ വക 25 എന്ന ഹാഷ്ടാഗോട് കൂടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടാം തവണയും  ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുൻ എംഎൽഎയുടെ കാറിലാണ്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. കൊച്ചിയില്‍ എത്തിയ മന്ത്രി ആലുവ മുൻ എംഎൽഎയോട് വാഹനം ആവശ്യപ്പെടുകയായിരുന്നു.

മന്ത്രി ഇന്ന് നേരിട്ട് വിളിച്ച് വാഹനം ആവശ്യപ്പെടുകയായിരുന്നു എന്ന്‌ എ എം യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പുലര്‍ച്ചെ 1.30 നാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. ഇന്ന് പുലർച്ചെ കളമശ്ശേരി റസ്റ്റ്‌ ഹൗസിൽ വാഹനമെത്തിക്കാനാണ് ആവശ്യപ്പെട്ടത്. എന്‍ഐഎ ഓഫീസിലേക്ക് പോകുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു എന്നും എ എം യൂസഫ് പറഞ്ഞു.

പുലര്‍ച്ചെ ആറുമണിയോടെയാണ് എം യൂസഫിന്‍റെ കാറില്‍ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ, ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് അരൂരിലെ വ്യവസായിയുടെ വാഹനത്തില്‍ ഇഡിക്ക് മുന്നില്‍ മന്ത്രി ചോദ്യം ചെയ്യലിന് എത്തിയത് വാദമായിരുന്നു. അന്ന് ചോദ്യം ചെയ്യലെല്ലാം കഴിഞ്ഞ് മന്ത്രി തിരികെ പോയതിന് ശേഷമാണ് മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തറിയുന്നത്.