Asianet News MalayalamAsianet News Malayalam

ഇ-മൊബിലിറ്റി വിവാദം: ജെയ്ക് ബാലകുമാറിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുണ്ടെന്ന് ബല്‍റാം

പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

vt balram alleges Pinarayi vijayans daughters organisation got links with consultancy contract bribe allegation
Author
Thiruvananthapuram, First Published Jun 28, 2020, 8:26 PM IST

തിരുവനന്തപുരം: കൺസൾട്ടൻസി കരാർ അഴിമതിയിൽ പുതിയ ആരോപണുമായി വി ടി ബല്‍റാം എം എല്‍എ. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജികിന്‍റെ കൺസൾട്ടൻറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ എന്നാണ് ആരോപണം. പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമാണ് ഐടി കമ്പനിയായ എക്സാലോജിക്. ഈ കമ്പനിയുടെ വെബ്സൈറ്റിലാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയുടെ ഡയറക്ടറായ ജെയ്‌ക് ബാലകുമാറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജെയ്‌‍കുമായി കമ്പനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നാണ് വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. 

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

Exalogic Solutions എന്ന കമ്പനിയുമായി "വളരെ വ്യക്തിപരമായ" തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ "അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക"യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.

ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്. കൺസൾട്ടൻസി കരാര്‍ നല്‍കിയതിൽ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണ് ഇത്. സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രി ക്ക് കത്തയച്ചു. എന്നിട്ടും കരാറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള  കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Follow Us:
Download App:
  • android
  • ios