ദില്ലി: ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ ബ്രസിലീയൻ സര്‍ക്കാര്‍ പരിശ്രമിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയുള്ള ഡി വൈ എഫ് ഐ പ്രതിഷേധത്തെ പരിഹസിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം. ആമസോണ്‍ വിഷയത്തില്‍ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഡി വൈ എഫ് ഐ കേരളത്തിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രതിഷേധിക്കുന്നില്ലെന്ന വിമര്‍ശനമാണ് പരിഹാസരൂപേണ ബല്‍റാം മുന്നോട്ട് വച്ചത്.

കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും ഡി വൈ എഫ് ഐ എടുക്കില്ലെന്നും ഒൺലി ടോപ് ക്ലാസ് അന്താരാഷ്ട്രാ പ്രതിഷേധങ്ങള്‍ മാത്രമേ ഏറ്റെടുക്കുവെന്നും ബല്‍റാം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

ബല്‍റാമിന്‍റെ കുറിപ്പ്

സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല.

ഒൺലി ടോപ് ക്ലാസ്, ട്രൂലി ഇന്റർനാഷണൽ