തിരുവനന്തപുരം: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെങ്ങും പ്രതിഷേധ സ്വരം ഉയരുകയാണ്. സംഘപരിവാറിന്‍റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെ വിമർശനമുന്നയിക്കുന്നവരെ മുഴുവൻ ഒറ്റയടിക്ക് രാജ്യദോഹികളായി മുദ്രകുത്താനും അവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നിശ്ശബ്ദരാക്കാനുമുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് അടൂരിനെതിരായ ഭീഷണിയെന്ന് വി ടി ബല്‍റാം എംഎല്‍എ വിമര്‍ശിച്ചു.

അടൂരിന്റെ സർഗ്ഗാത്മക ജീവിതത്തെ അപഹസിക്കാനും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ഇന്‍റഗ്രിറ്റിയെ താറടിച്ച് കാണിക്കാനും കൂടി ബിജെപി നേതാവ് ശ്രമിക്കുന്നു എന്നതും കാണമെന്ന് ചൂണ്ടികാട്ടിയ ബല്‍റാം, വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തിനെതിരായ വിവേകത്തിന്‍റെ ശബ്ദങ്ങളാൽ നമ്മുടെ സാംസ്ക്കാരിക രംഗം ഇനിയും മുഖരിതമാകണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇൻറ്റലക്ച്വലിസമാണ്. അതിന് കേരളത്തിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ അടൂർ ഗോപാലകൃഷ്ണനെതിരെ ഉയരുന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണി. കേന്ദ്ര സർക്കാരിനേയും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേയും കുറിച്ച് വിമർശനമുന്നയിക്കുന്നവരെ മുഴുവൻ ഒറ്റയടിക്ക് രാജ്യദോഹികളായി മുദ്രകുത്താനും അവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നിശ്ശബ്ദരാക്കാനുമാണ് സംഘപരിവാർ കാലങ്ങളായി പരിശ്രമിക്കുന്നത്. അടൂരിന്റെ സർഗ്ഗാത്മക ജീവിതത്തെ അപഹസിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയെ താറടിച്ച് കാണിക്കാനും കൂടി ബിജെപി നേതാവ് ശ്രമിക്കുന്നു എന്നതും കാണേണ്ടതുണ്ട്. താൻ പ്രവർത്തിക്കുന്ന മേഖലയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ സുപ്രധാന അംഗീകാരങ്ങളും നേരത്തെത്തന്നെ ശ്രീ അടൂർ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള നിരാശ ബാധിച്ച് വിമർശനമുന്നയിക്കേണ്ട ഗതികേട് അദ്ദേഹത്തിനില്ല. വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ഉച്ചരിക്കുന്ന രാമനാമം "ജയ് ശ്രീറാം" എന്ന കൊലവിളിയാക്കുന്നതിനെ മാത്രമാണ് താനെതിർക്കുന്നത് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നത്തെ ഇന്ത്യയിൽ ഏറെ പ്രസക്തമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരായ വിവേകത്തിന്റെ ശബ്ദങ്ങളാൽ നമ്മുടെ സാംസ്ക്കാരിക രംഗം ഇനിയും മുഖരിതമാകേണ്ടതുണ്ട്.