Asianet News MalayalamAsianet News Malayalam

ബല്‍റാം മുതല്‍ ജ്യോതി വരെ? കെപിസിസി പട്ടികയിൽ മുതിര്‍ന്ന നേതാക്കൾക്ക് തൃപ്തി? പ്രഖ്യാപനം ഇന്നുണ്ടായേക്കും

അന്തിമ ചര്‍ച്ചകൾക്ക് ശേഷം ഭാരവാഹി പട്ടിക കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍  ഇന്ന് തന്നെ ഹൈക്കമാന്‍റിന് കൈമാറിയേക്കും. വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്

vt balram jyothi vijayakumar may include in kpcc list, congress high command may announce today
Author
New Delhi, First Published Oct 11, 2021, 12:49 AM IST

ദില്ലി: കെപിസിസി ഭാരവാഹി പട്ടിക (KPCC) ഇന്ന് പുറത്തുവന്നേക്കും. പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായുള്ള ചർച്ചകള്‍ പൂർത്തിയായെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (Opposition Leader  VD Satheesan) വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കള്‍ ചര്‍ച്ചയിൽ തൃപ്തരാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അന്തിമ ചര്‍ച്ചകൾക്ക് ശേഷം ഭാരവാഹി പട്ടിക കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ (KPCC President K Sudhakaran) ഇന്ന് തന്നെ ഹൈക്കമാന്‍റിന് (Congress High Command) കൈമാറിയേക്കും. വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചർച്ചകള്‍ നേതൃത്വം പൂർത്തിയാക്കിയത്. ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുടത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ,  വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ, എന്നിവർ ഭാരവാഹികളായേക്കും.

പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടത്താനിടയുണ്ട്. ജമാൽ മണക്കാടന്‍റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ പത്മജ വേണുഗോപാല്‍ ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ അടക്കമുള്ളവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികള്‍ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്.

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കെ സുധാകരനും വിഡി സതീശനും നാല് തവണ ചർച്ച നടത്തിയിരുന്നു. വിഡി സതീശൻ കേരളത്തിലേക്ക് മടങ്ങിയെങ്കിലും കെ സുധാകരൻ ദില്ലിയില്‍ തുടരുന്നുണ്ട്. പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിക്കഴിഞ്ഞാൽ പ്രഖ്യാപനവും ഉടൻ തന്നെയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

Follow Us:
Download App:
  • android
  • ios