പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനുമെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കമ്മ്യൂണിസ്റ്റ് വകഭേദങ്ങളിൽ ഏതിലായാലും കണ്ണടച്ചു വിശ്വസിക്കുന്ന അൽപ്പബുദ്ധികൾ സഹതാപം മാത്രമാണ് അർഹിക്കുന്നത്. അവരെ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി വെടിവെച്ചു കൊല്ലാൻ സ്റ്റേറ്റിന് ഒരധികാരവുമില്ല. കേരളത്തിലെ പിണറായി വിജയൻ- ലോക്നാഥ് ബെഹ്ര സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നരനായാട്ടാണ്, ഭരണകൂട ഭീകരതയാണ്- വിടി ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം. മാവോയിസ്റ്റാവുക എന്നത് ഒരാളെ വെടിവെച്ചു കൊല്ലാനുള്ള ഒരു കാരണമല്ല. ഇവിടെ പിണറായി വിജയന്റെ സോ കോൾഡ് സമരാത്മക ഭൂതകാലം ഇന്ന് കേരളത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണ്. കാരണം, പതിറ്റാണ്ടുകൾക്കിപ്പുറം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഇന്നാട്ടിലേക്ക് തിരിച്ചു വരുന്നത് ഇതേ പിണറായി വിജയന്റെ ഈ ഭരണകാലത്താണ്. മൂന്നര വർഷത്തിനുള്ളിൽ ഇത് ഏഴാമത്തെ കൊലപാതകമാണ്- ബല്‍റാം ഓര്‍മിപ്പിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കമ്മ്യൂണിസം, മാർക്സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, ഹോ ചിമിനിസം, കിം ജോങ് ഉന്നിസം, വിജയനിസം തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടതും അപഹാസ്യവുമായ ഒരു വികല പ്രത്യയശാസ്ത്രത്തിന്റെ പലവിധ വകഭേദങ്ങളാണ്. പ്രത്യയശാസ്ത്രത്തോട് ആത്മാർത്ഥതയുള്ള പാവത്തുങ്ങൾ സ്വപ്നം കണ്ട ഉട്ടോപ്യ യാഥാർത്ഥ്യമാക്കാൻ വേണ്ടി നാടൻ റൈഫിളും പേനാക്കത്തിയുമായി കാട് കയറി അരിക്കും പഞ്ചസാരക്കും വേണ്ടി തിരിച്ചിറങ്ങുന്നു. പ്രത്യയശാസ്ത്രം ഒരു മറ മാത്രമായ കപടന്മാർ പത്തിരുപത് ഉപദേശികളേയും ചുറ്റിൽ വച്ച് 30 കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുന്നു, പനി വന്നാൽ അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നു.

അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് വകഭേദങ്ങളിൽ ഏതിലായാലും കണ്ണടച്ചു വിശ്വസിക്കുന്ന അൽപ്പബുദ്ധികൾ സഹതാപം മാത്രമാണ് അർഹിക്കുന്നത്. അവരെ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി വെടിവെച്ചു കൊല്ലാൻ സ്റ്റേറ്റിന് ഒരധികാരവുമില്ല. കേരളത്തിലെ പിണറായി വിജയൻ- ലോക്നാഥ് ബെഹ്ര സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നരനായാട്ടാണ്, ഭരണകൂട ഭീകരതയാണ്, മനുഷ്യാവകാശ ലംഘനമാണ്, അമിതാധികാര പ്രമത്തതയാണ്, ഒറ്റവാക്കിൽ പറഞ്ഞാൽ ക്രൂരതയാണ്.

അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാലത്ത് താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് വിശദീകരിക്കാൻ ചോര പുരണ്ട വസ്ത്രങ്ങളുയർത്തിക്കാട്ടി അദ്ദേഹം പിന്നീട് നിയമസഭക്കകത്ത് നടത്തിയ പ്രസംഗത്തേക്കുറിച്ച് ഇന്നും ആരാധകർ പാടിപ്പുകഴ്ത്താറുണ്ട്. നക്സലൈറ്റ് അനുഭാവിയായതിനാൽ കൊല്ലപ്പെട്ടെന്ന് സംശയിക്കപ്പെടുന്ന രാജന്റെ പിതാവിന്റെ ദൈന്യം ഇവിടുത്തെ രാഷ്ട്രീയ ഇടതുപക്ഷം അവരുടെ വൈകാരിക മൂലധനമായി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുമുണ്ട്. സാധാരണഗതിയിൽ ഏതെങ്കിലും തിക്താനുഭവങ്ങളിലൂടെ കടന്നു പോകുന്നവർക്ക് പിന്നീട് അവസരം കിട്ടിയാൽ അത്തരം ചുറ്റുപാടുകളെ ഗുണപരമായി മാറ്റിത്തീർക്കാനാണ് വ്യക്തിപരമായും രാഷ്ട്രീയപരമായും ശ്രമിക്കേണ്ടത്. എന്നാൽ ഇവിടെ പിണറായി വിജയന്റെ സോ കോൾഡ് സമരാത്മക ഭൂതകാലം ഇന്ന് കേരളത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണ്. കാരണം, പതിറ്റാണ്ടുകൾക്കിപ്പുറം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഇന്നാട്ടിലേക്ക് തിരിച്ചു വരുന്നത് ഇതേ പിണറായി വിജയന്റെ ഈ ഭരണകാലത്താണ്. മൂന്നര വർഷത്തിനുള്ളിൽ ഇത് ഏഴാമത്തെ കൊലപാതകമാണ്. ശരാശരി ഓരോ ആറ് മാസത്തിലും ഒരു സർക്കാർ സ്പോൺസേഡ് കൊലപാതകം. ഇപ്പോഴും കൊല്ലുകയാണ്, കൊന്നുകൊണ്ടേയിരിക്കുകയാണ്.

മാവോയിസ്റ്റാവുക എന്നത് ഒരാളെ വെടിവെച്ചു കൊല്ലാനുള്ള ഒരു കാരണമല്ല. Being a Maoist is not a crime in itself. തെക്കേ ഇന്ത്യയിലെത്തന്നെ സമുന്നതരായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനേയും ഷൈനയേയും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വെടിവെച്ചു കൊല്ലുകയായിരുന്നില്ല, മറിച്ച് ജീവനോടെ പിടികൂടി ജയിലിലടക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ഈ ആസൂത്രിത കൊലപാതകങ്ങൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം. ജീവനോടെ പിടികൂടുക എന്നതല്ലാതെ അതിർവരമ്പ് ലംഘിക്കരുതെന്ന് കർശനമായിത്തന്നെ പിണറായി വിജയൻ- ലോക്നാഥ് ബെഹ്ര ടീമിനോട് പറയാൻ കേരളത്തിന് കഴിയണം.