തിരുവനന്തപുരം: വി ടി ബൽറാം എംഎൽഎയെ സെക്രട്ടേറിയേറ്റിന്റെ സൗത്ത് ​ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യും പ്രവ‌ർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ എംഎൽഎയെയും സ്റ്റാഫിനെയും പൊലീസ് സൗത്ത് ഗേറ്റ് വഴി തന്നെ അകത്തേക്ക് കയറ്റി വിട്ടു.

സെക്രട്ടേറിയേറ്റിന് മുന്നിലെ യുഡിഎഫ് എംഎൽഎമാരുടെ സമരത്തിന് ശേഷം സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് വി ടി ബൽറാമിനെ പൊലീസ് തടഞ്ഞത്. 3 മണി മുതൽ മാത്രമേ സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞാണ് പൊലീസ് എംഎൽഎയെ തടഞ്ഞത്. 

എംഎൽഎയെ  തടഞ്ഞത് അറിഞ്ഞ് കെഎസ്‍യുവിന്‍റെ യൂത്ത് കോൺഗ്രസിന്‍റെയും പ്രവ‌‌ർത്തക‌‌ർ ഉടൻ സംഘടിച്ചെത്തുകയും പത്ത് മിനുട്ടോളം സൗത്ത്ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു തുടർന്ന് പൊലീസ് എംഎൽഎയും പേഴ്സണൽ സ്റ്റാഫിനെയും അകത്തേക്ക് കയറ്റി വിട്ടു. 

യൂണിവേഴ്സിറ്റി കോളേജ് പ്രശ്നവും പ്രതിഷേധവും കാരണം കടുത്ത സുരക്ഷയാണ് സെക്രട്ടേറിയേറ്റ് പരിസരത്ത് ഏ‌ർപ്പെടുത്തിയിരിക്കുന്നത്.