തിരുവനന്തപുരം:  ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്‍റെ പിതാവ് വ്യക്തമാക്കി. ഫിറോസും വഫയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല.

ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിറോസിന്‍റെ പിതാവ് കമറൂദീനാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കമറൂദീന്‍ ആരോപിച്ചു. 

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മരണപ്പെട്ട വാഹനാപകടത്തില്‍ അപകടത്തിനുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്‍റെ രജിസ്ട്രേഷനും  ശ്രീറാമിന്‍റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിരിക്കുകയാണ്. കേസില്‍ അപകടകരമായ ഡ്രൈവിംഗിനെ  പ്രൊത്സാഹിപ്പിച്ചു എന്നു കാണിച്ച് വഫയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.