പാലക്കാട്: പാലക്കാട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പി സുബ്രഹ്മണ്യനെ നിയമിച്ചു. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ വീഴ്ച വന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അഡ്വ. ലത ജയരാജനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇവര്‍ക്ക് പകരമാണ് പി സുബ്രഹ്മണ്യനെ നിയമിച്ചത്. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാനാണ് പുതിയ പ്രോസിക്യൂട്ടർ. പുതിയ വിജ്ഞാപനം ഇറക്കാതെയാണ് പാനലിൽ ഉള്ള സുബ്രഹ്മണ്യനെ അടിയന്തരമായി  നിയമിച്ച് ഉത്തരവ് ഇറക്കിയത്.

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസിൽ തുടരന്വേഷണവും പുനർ വിചാരണയും വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിൽ പുനർ വിചാരണ ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചുമതലകളില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സർക്കാർ മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.