(സഭാ നടപടികൾ തുടരുകയാണ്, ഈ വാർത്ത അപ്ഡേറ്റ് ചെയ്യും, ദയവായി ഈ പേജ് റിഫ്രഷ് ചെയ്യുക)

തിരുവനന്തപുരം: വാളയാറിലെ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ചതിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. 

വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് മൂലമാണ് പ്രതികളെ വെറുതെ വിടാൻ ഇടയായത്. ഈ സാഹചര്യം സഭാ നടപടികൾ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പ്രതിപക്ഷത്തിനായി ഷാഫി പറമ്പിൽ എംഎൽഎ ആണ് നോട്ടീസ് നൽകിയത്.

വാളയാർ കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് നിയമ, പട്ടികജാതി, പട്ടികവർഗവകുപ്പ് മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഒമ്പതും പതിമൂന്നും വയസ്സായ കുട്ടികളെ കൊന്നവരെ രക്ഷിക്കാൻ സിപിഎം പ്രാദേശികനേതാക്കൾ ശ്രമിച്ചെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. സർക്കാർ കോടതിയിൽ ഒരു ചുക്കും ചെയ്തില്ലെന്നും എംഎൽഎ ഷാഫി പറമ്പിൽ ആരോപിച്ചു. ശക്തമായ നടപടി മുമ്പും മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നിട്ടും ഒരു ചുക്കും ചെയ്യാനായില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ മരണത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നു. മരണം ആത്മഹത്യയാക്കാൻ പൊലീസ് തിടുക്കം കാണിച്ചെന്നും ഷാഫി ആരോപിച്ചു. 

രാവിലെ ഒമ്പത് മണിക്കാണ് നിയമസഭ തുടങ്ങിയത്. ഒമ്പത് മണി മുതൽ പത്ത് മണി വരെ ചോദ്യോത്തരവേളയായിരുന്നു. അതിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തിൽ നടന്നു. നവംബർ 21 വരെ സഭാസമ്മേളനം നീളും.