പാലക്കാട്: വാളയാര്‍ പെൺകുട്ടികൾക്ക് നീതി കിട്ടും വരെ സമരം തുടരുമെന്ന് അമ്മ. പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെ  കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തക്കതായ ശിക്ഷ നൽകുമെന്ന് കാണിച്ച് സര്‍ക്കാര്‍ വാളയാര്‍ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് കത്ത് അയച്ചു. ഒരാഴ്ചയായി സമരം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി വിശദീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് അയച്ചിട്ടുള്ളത്. കുടുംബത്തിനൊപ്പം ഉണ്ടെന്ന് വ്യക്തമാക്കുന്ന കത്തിൽ ഹനീഫ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ വിശദീകരിക്കുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കും. എന്നാൽ കേസിൽ  സർക്കാർ നടപടിയെടുക്കും വരെ സമരമെന്നും സർക്കാരിന്റെ കാപട്യം പുറത്ത് ആയി എന്നുമാണ്  കുടുംബാംഗങ്ങളുടെ പ്രതികരണം

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വാളയാര്‍ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തുടര്‍ സമരത്തിന്‍റെ കാര്യം ഇന്ന് തന്നെ തീരുമാനിക്കും. വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന ഒന്നാം വാർഷികത്തിൽ ആണ് കുടുംബാംഗങ്ങൾ വീണ്ടും സമരം തുടങ്ങിയത്. ഒരാഴ്ച നീണ്ടുനിന്ന സമരത്തിൻറെ അവസാന നിമിഷമാണ് സർക്കാരിന്റെ കത്ത് കുടുംബാംഗങ്ങൾക്ക് കിട്ടുന്നത്. ഒരു വർഷം മുമ്പ് മാതാപിതാക്കൾ നൽകിയ നിവേദനത്തിന് ഉള്ള മറുപടി കൂടിയാണ് ഇത് എന്നതാണ് ശ്രദ്ധേയം. 

ഒന്നാംഘട്ട സമരത്തിന്‍റെ അവസാന ദിവസം കെ മുരളീധരൻ എംപി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, പെമ്പി ളെ  ഒരുമൈ  നേതാവ് ഗോമതി തുടങ്ങിയവർ സമരപ്പന്തലിൽ എത്തി. അതേസമയം  കൂടുതൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കാതിരിക്കാൻ ആണ് ഇപ്പോൾ സർക്കാരിന്‍റെ വിശദീകരണം എന്നാണ് വിലയിരുത്തൽ