തിരുവനന്തപുരം: വാളയാറിൽ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസ് നിയമസഭയിൽ വീണ്ടും ഉന്നയിച്ച് പ്രതിപക്ഷം. പാലക്കാട് മുൻ സിഡബ്ല്യുസി ചെയർമാൻ വാളയാർ കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ്. വിടി ബൽറാം നൽകിയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ നിലപാടെടുത്തു. വാളയാര്‍ കേസ് നിയമസഭയിൽ മുമ്പ് ചര്‍ച്ച ചെയ്തതാണ്. പുതിയതായൊന്നും ആകേസിൽ നടന്നിട്ടില്ലെന്നിരിക്കെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. 

എന്നാൽ ദിവസം തോറും കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന സാഹചര്യമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക്  എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് അട്ടിമറിയുടെ കൂടതൽ വിവരങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് പകരം ശൂന്യവേളയിൽ പ്രതിപക്ഷത്തിന് വിഷയം അവതരിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ നിര പ്രതിഷേധവുമായി എഴുന്നേറ്റു. 

സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളം വച്ചു. പ്ലക്കാഡും ബാനറുമായി സ്പീക്കര്‍ക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് പ്രതിഷേധ സൂചകമായി നിയമസഭയിൽ നിന്ന് ഇങ്ങിപ്പോയി.