തിരുവനന്തപുരം: വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനും ചാക്കോക്കുമെതിരെ നടപടി വേണം. വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് പ്രവീൺ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തതും അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. 

വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന്  നിർദ്ദേശം നൽകി. എന്നാൽ കേസില്‍ പൊലീസ് തുടർഅന്വേഷണം നടത്തുന്നതിൽ വിശ്വാസമില്ലെന്നാണ് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ പ്രതികരണം. 

പ്രായപൂർത്തിയാകാത്ത  സഹോദരിമാരുടെ ആത്മഹത്യയിൽ പൊലീസിന്‍റെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ വെറുതെവിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈമാസം 20 ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.