പാലക്കാട്: വാളയാർ വ്യാജ മദ്യദുരന്തത്തിൽ പൊലീസിന് നിർണായക തെളിവ്. ചെല്ലങ്കാവ് ആദിവാസി കോളനിയ്ക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ദ്രാവകം അടങ്ങിയ കന്നാസ് കണ്ടെത്തിയത്. ഇത് കുടിച്ചാകാം മരണം സംഭവിച്ചത് എന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം. രാസ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ ദ്രാവകം എന്താണെന്ന് സ്ഥിരീകരിയ്ക്കൂ.

ചെല്ലങ്കാവ് ആദിവാസി കോളനിയിൽ നിന്ന ഇരുന്നൂറ് മീറ്ററോളം അകലെ കുറ്റിക്കാട്ടിൽ ആണ് ദ്രാവകമടങ്ങിയ കന്നാസ് കണ്ടെത്തിയത്. 35 ലിറ്റർ  ശേഷിയുള്ള കന്നാസിൽ 12 ലിറ്ററോളം ദ്രാവകം ഉണ്ടായിരുന്നു. ഇത് വ്യാവസായിക ആവശ്യത്തിന്  ഉപയോഗിക്കുന്ന സ്പിരിറ്റാണോ എന്ന് സംശയമുണ്ട്. വ്യക്തതക്കായി രാസപരിശോധനാഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

കോളനിയിലേക്ക് മദ്യം എത്തിച്ച ശിവൻ്റെ കൈവശം ഇതിനു സമാനമായ കന്നാസ് ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് - എക്സൈസ് അന്വേഷണം തുടരുകയാണ്. നർക്കോട്ടിക്ക് സെൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.