പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. 

കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടിരുന്നു. ചൊവ്വാഴ്ച പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പെൺകുട്ടികളുടെ വീട്ടിൽ കെ സി വേണുഗോപാൽ സന്ദർശനം നടത്തിയേക്കും. അതേസമയം, കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ സമരവും ശക്തമാവുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ബിജെപിയുടെയും തീരുമാനം. ഇതിനിടെ, കേസിൽ ഇടക്കാലത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച ജലജ മാധവനാണ് കേസ് അട്ടിമറിച്ചതെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു. പ്രധാന സാക്ഷികളെ വിസ്തരിച്ചില്ലെന്നും ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. എന്നാൽ, ചുമതലയുണ്ടായിരുന്ന മൂന്നുമാസക്കാലം ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നായിരുന്നു ജലജ മാധവന്റെ പ്രതികരണം.