പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിലെ പ്രതികൾക്ക് സിപിഎം ബന്ധം ബന്ധമുണ്ടെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം തന്നെ കൊണ്ട് ആരും പറയിച്ചത് അല്ലെന്നും സിപിഎം പാർട്ടി പ്രവർത്തകരോടൊപ്പം നിരവധിതവണ പ്രതികളെ കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. 

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ തന്നെ ഹൈക്കോടതിയെ സമീപിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മുഖ്യമന്ത്രി തന്ന ഉറപ്പിൽ വിശ്വാസമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

'മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പുനരന്വേഷണം അല്ലെങ്കിൽ സിബിഐ അന്വേഷണം ഇതിൽ ഒന്നെ  പറ്റൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മകൾക്ക് നീതി കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ സമരം. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ട് കെട്ട് ആയി നിൽക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവര്‍ത്തിച്ച് പാലക്കാട് ജില്ലയിൽ യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. 

അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസ് നിലപാട്. അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പളളം ആക്ഷൻ കമ്മിറ്റയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറിൽ തുടക്കമാകും.