പരാതിക്കാര്‍ക്ക് മൈതാനത്തേക്ക് വരുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന ബസ് മൈതാനത്തേക്ക് കയറുന്നതിനുമായാണ് മതിൽ പൊളിച്ചതെന്നായിരുന്നു സംഘാടക സമിതിയുടെ നേരത്തേയുള്ള വിശദീകരണം

കൊച്ചി: നവ കേരള സദസ്സിനായി പൊളിച്ച സ്കൂളിന്റെ മതിൽ പുതുക്കിപ്പണിതു. എറണാകുളം പെരുമ്പാവൂരിൽ നവകേരള സദസ്സിനായി പൊളിച്ച സ്കൂളിന്റെ മതിലാണ് പൂർവ സ്ഥിതിയിലാക്കിയത്. പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മതിലാണ് കല്ലു കൊണ്ട് കെട്ടിയത്. കുന്നത്തുനാട് തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടി. നവ കേരള സദസ്സിന് ശേഷം മതിൽ പൂർവ സ്ഥിതിയിലാക്കുമെന്ന് സംഘാടക സമിതി അറിയിച്ചിരുന്നു.

പരാതിക്കാര്‍ക്ക് മൈതാനത്തേക്ക് വരുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന ബസ് മൈതാനത്തേക്ക് കയറുന്നതിനുമായാണ് മതിൽ പൊളിച്ചതെന്നായിരുന്നു സംഘാടക സമിതിയുടെ നേരത്തേയുള്ള വിശദീകരണം. ബസ് മൈതാനത്തേക്ക് ഇറക്കുന്നതിന് റാമ്പ് വീതികൂട്ടിയിരുന്നു. കൊടിമരം നീക്കം ചെയ്തിരുന്നു. ഇത് പുതുക്കിപ്പണിതിട്ടുണ്ട്. കൊടിമരത്തിന്‍റെ മുന്നിലുള്ള മരത്തിന്‍റെ കൊമ്പുകള്‍ മുറിച്ചിരുന്നു. മൈതാനത്തെ പഴയ കോൺഗ്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കിയിരുന്നു. ഈ സ്റ്റേജ് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ഇത്രയും കാര്യങ്ങൾ നവകേരള സദസിനായി പെരുമ്പാവൂര്‍ ഗവൺമെന്‍റ് ബോയ്സ് സ്കൂളില്‍ മാത്രം ചെയ്തതാണ്. രണ്ട് ദിവസം മുൻപാണ് മണ്ഡലത്തിൽ നവ കേരള സദസ്സ് നടന്നത്. പരിപാടിയുടെ പന്തൽ പൂര്‍ണമായും അഴിച്ചുമാറ്റുന്നതിന് മുൻപ് തന്നെ സംഘാടക സമിതി മതിൽ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്