കാസര്‍കോട്: കാസര്‍കോട് വഖഫ് സ്വത്ത് തട്ടിപ്പില്‍ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും മുസ്ലീം ലീഗ് നേതാക്കൾക്കുമെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കണമെന്ന് ഐഎൻഎൽ. വഖഫ് സ്വത്ത് സര്‍വേ തടയുന്നത് മുസ്ലീം ലീഗാണെന്നും ഐഎന്‍എല്‍ ആരോപിച്ചു. അതേസമയം, തട്ടിയെടുക്കപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ പ്രക്ഷോഭം തുടങ്ങും. 

വഖഫ് സ്വത്ത് തട്ടിപ്പില്‍ വഖഫ് ബോർഡ്, സംസ്ഥാന സർക്കാർ എന്നിവർ നടപടി സ്വീകരിക്കണമെന്നാണ് ഐഎൻഎൽ ആവശ്യപ്പെടുന്നത്. അതേസമയം, ഇടത് മുന്നണിയുടെ ഭാഗമെന്ന നിലയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ഐഎൻഎല്‍  നേതൃത്വം വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മുന്നണിയുടെ ഭാഗമായിരുന്നില്ല. ഇപ്പോള്‍ മുന്നണിയിലെത്തിയതിനാല്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത് സ്വാഭാവികം മാത്രമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, കോഴിക്കോട് പറഞ്ഞു. ജോസ് കെ മാണിയെ ബിജെപിക്ക് വിട്ടുകൊടുക്കരുതെന്നും ജോസ് പക്ഷത്തെ മുന്നണിയിലെടുക്കണോ എന്ന് മുന്നണി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമസ്തയുടെ കീഴിലെ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂൾ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എംസി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും മുസ്ലീംലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നുമാണ് വഖഫ് ബോർ‍ഡിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് എംഎൽഎ വാദിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായി.

Also Read: വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും, വാങ്ങിയ ഭൂമി തിരിച്ചു നൽകുമെന്ന് എം.സി കമറുദ്ദീൻ എംഎൽഎ